തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010

ഏകസ്വരം നഷ്ടപ്പെടുന്ന ലീഗും ചന്ദ്രികയും പിന്നെ അടിയന്തിരാവസ്ഥയും__ ഞാന്‍ എന്നിലൂടെ തുടര്‍ച്ച



ലീഗിന്‍റെ പിളര്‍പ്പിനെ കുറിച്ച് പറയേണ്ടി വരുമ്പോള്‍,ആ ഘട്ടത്തില്‍
രാജ്യത്തുണ്ടായ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചും, അടിയന്തിരാവസ്തയെയും
 സ്പര്‍ശിക്കാതെ മുന്‍പോട്ടു പോകാന്‍ കഴിയില്ല എന്നത് കൊണ്ട് അല്പം
 വഴിതിരിഞ്ഞു പോകുന്നു.

൧൯൭൪ ഇന്ത്യയെ യാകെ ഒരു ദുരവസ്തയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന
 ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ഓള്‍ ഇന്ത്യ റെയില്‍വെ മെന്‍സ്‌
ഫെഡറേഷന്‍ന്‍റെ  പ്രസിഡന്റ്‌ ആയിരുന്ന (മുന്‍ പ്രതിരോധ മന്ത്രി) ജോര്‍ജ്
 ഫെര്നാണ്ടാസ്സിന്റെ നേതൃത്തത്തില്‍ ആരംഭിച്ച റെയില്‍വേ സമരം,
രാജ്യത്തിന്റെ റെയില്‍വേ ഗതാഗതത്തെ ബാധിച്ചു, ഇത് രാജ്യത്തെ മൊത്തം
 ജന ജിവിതത്തെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ .വര്‍ഷങ്ങള്‍
നീണ്ടുപോയ റെയില്‍വേ സമരം, അതിന്റെ മൂര്ധന്യതയില്‍, രാജ്യത്തെ
സര്‍വ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളും റെയില്‍വേ സമരത്തിന്‌ ഐക്യദാര്‍ഡ്യം
 പ്രകടിപ്പിച്ചു കൊണ്ട്, പ്രകടനങ്ങളും ഒരുദിവസത്തെ പണിമുടക്കും
 നടത്തിയിരുന്നു.

റെയില്‍വേ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അഖിലേന്ത്യാ
പത്രപ്രവര്‍ത്തക,നോണ്‍ പത്രപ്രവര്‍ത്തക യൂണിയനുകളും ഒരു ദിവസത്തെ
പണിമുടക്കും,പ്രകടനവും നടത്താനുള്ള ആഹ്വാനത്തോടെ, യൂണിയന്റെ .
കോഴിക്കോട് ഘടകങ്ങളും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍, എല്ലാ പത്ര യൂണിറ്റുകളുമൊപ്പം "ചന്ദ്രിക" യൂണിറ്റും പണി മുടക്കി അനുഭാവ
 പ്രകടനത്തില്‍ പങ്കു ചേരാന്‍ തീരുമാനിച്ചു.

പല ഭാഗങ്ങളില്‍ നിന്നും ഓരോ യൂണിറ്റായി വെവ്വേറെ വന്നെത്തിയ
പ്രകടനങ്ങള്‍ മാനാഞ്ചിറ മൈതാനിയില്‍ ഒത്തു ചേര്‍ന്നു.  മിടായി തെരുവുവഴി
 കോഴിക്കോട് രണ്ടാം ഗേറ്റ് കടന്നു കസബ പോലീസ്‌ സ്ടഷനു മുന്പിലൂടെ
 ഒന്നാം ഗേറ്റ്   ബ്രിട്ജു വഴി പാളയത്തേക്ക് നീങ്ങാനായിരുന്നു പരിപാടി.

ആവേശകരമായ വലിയ മുദ്രാവാക്യങ്ങളില്ലാതെ,നോണ്‍ ജേര്‍ണലിസ്റ്റ്‌,
ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയനും, കേരള പത്ര പ്രവര്‍ത്തക യൂണിയനും
 ഒന്നടങ്കം പങ്കെടുത്ത പ്രകടനം മിടായിത്തെരുവ് വഴി രണ്ടാം ഗേറ്റ് എത്തിയപ്പോള്‍ ,
അത് വഴി കടന്നു പോകുന്ന, ഫ്ലോര്‍ മില്‍ ‍ തൊഴിലാളികളുടെ പ്രകടനവും, രണ്ടാം
 ഗേറ്റ് കടന്നു പോകുന്നതിനാല്‍, മുന്‍‍പേ പോകുന്ന  മില്‍ തൊഴിലാളികളുടെ
പ്രകടനത്തിന് പിന്നിലായി ഞങ്ങളുടെ പ്രകടനവും ചേര്‍ന്ന് നീങ്ങേണ്ടിവന്നു

പ്രകടനം  മാതൃഭൂമി പ്രസ്‌ കടന്നു കസബ പോലിസ്‌ സ്റ്റേഷനു മുന്പിലെത്തിയ
പ്പോഴേക്കും,പ്രകടനത്തിന് നേരെ പോലിസിന്‍റെ‌ ലാത്തിച്ചാര്‍ജു .എന്താണ് സംഭവിച്ച
തെന്നറിയാതെ ഏറ്റവും പിന്നിലായിരുന്ന ഞങ്ങള്‍ മാതൃഭൂമി ആഫീസ്
കടക്കുമ്പോഴേക്കും, മുന്‍പേ കടന്ന പ്രകടനക്കാര്‍ ചിതറി ഓടുന്നതും, സര്‍വ
സന്നാഹങ്ങളോടെ പോലീസ് ലാത്തിയുമായി ചീറി വരുന്നതും കണ്ണില്‍
കണ്ടവനെയൊക്കെ തല്ലി ചതക്കുന്ന കാഴ്ചയാണ് കണ്ടത്.എന്ത് ചെയ്യണ
മെന്നറിയാതെ ഒരു നിമിഷം നിന്നെങ്കിലും ഞങ്ങളും തിരിഞ്ഞോടി പല
ദിക്കുകളിലെക്കുമായി ചിതറി ഓടി. ഏറെയും അഭയം തേടിയത് മാതൃഭൂമി
പ്രസ്സിലാണ്.സദാ തിരക്കേറിയ ആ പരിസരത്ത് പല ആവശ്യങ്ങള്‍ക്കുമായി
എത്തിച്ചേര്‍ന്ന നിരപരാധികള്‍‍ക്കുപോലും  കിട്ടി പൊതിരെ.


.പ്രാണ രക്ഷാര്ത്തം ഞാന്‍ ഓടി ഒരു മരുന്ന് കടയില്‍  കയറി കൂടാന്‍
 ശ്രമിച്ചെങ്കിലും ഒരിക്കല്‍ കടക്കാര്‍ എന്നെ പുറത്തേക്കു തള്ളി.വീണ്ടും
ഞാന്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ആ കടക്കാര്‍ക്ക് ദയ തോന്നിക്കാണാം .
എനിക്കവര്‍ അഭയം തന്നു.കടയില്‍ കയറി നിന്നു നിമിഷങ്ങള്‍ക്കകം
അവിടെ പോലീസ്‌ എത്തി."എവിടെഡാ ഇതിനകത്ത് കയറിയവന്‍"
എന്നാക്രോശിച്ചു എത്തിയ പോലീസുകാരോട് കടക്കാര്‍ " ഇവിടെ ആരും
കയറിയില്ല സാറേ, ഞങ്ങളുടെ ജോലിക്കാരാണിതെന്നു" പറഞ്ഞു അവരെ
 തിരിച്ചു വിട്ടു.

ആ കടയിലിരുന്നു പ്രകടനത്തിന് നേരെ പോലിസ്‌ നടത്തുന്ന നര
നായാട്ട് കണ്ടു നില്‍ക്കാന്‍ ശക്തിയില്ലാതെ പോലെ. സിരകളില്‍ നിന്നും
രക്തം തിളച്ചു മറിഞ്ഞു.നെഞ്ച് വിരിച്ചു റോഡിലേക്കിറങ്ങി
 പോലീസിന്റെ ലാത്തിയടിയെ നേരിടാന്‍ തോന്നിപ്പോയി. അടിച്ചു
ശവമാക്കിയ മനുഷ്യ ജീവികളെ പോലീസ്‌ വാഹനത്തിലേക്ക് എടുത്തു
വലിച്ചെറിയുന്ന രംഗങ്ങള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് വിപ്ലവ വീര്യം
കൂടുകയേ ചെയ്യൂ. മര്‍ദ്ദനം കൊണ്ട് വിപ്ലവ വീര്യം കെടുത്താനാവില്ലെന്നും,
മറിച്ചു കത്തി ജ്വലിക്കുകയും ആളിപടരുകയെ ചെയ്യുമെന്നുമുള്ള അറിവ്
അനുഭവത്തിലൂടെ എനിക്ക്  മനസ്സിലാക്കാന്‍ പ്രാപ്തമായ ഒരു
സംഭവമായിരുന്നു അത്.

വിപ്ലവ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതു, രാജ്യത്ത് രക്തം ചിന്താന്‍ ഇടവരുത്തുകയും
ചെയ്യുന്നത്, ഭരണകര്‍ത്താക്കളുടെ അഴിഞ്ഞാട്ടവും,അധികാരം കൊണ്ട് ജനങ്ങളെ
അടിചൊതുക്കാമെന്നുള്ള അഹങ്കാര ഭാഷയുടെ വാഴ്ചയും, അങ്ങിനെ
അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളില്‍ അങ്കുരിക്കുന്ന പ്രതികാര തീപോരികള്‍ വലിയ
 അഗ്നിയായി കത്തിപ്പടരുന്നതാണ്  വിപ്ലവ പ്രസ്ഥാനങ്ങളായി മാറുന്നത്. 
ഇത് ചരിത്രത്തിലൂടെ നാം ഏറെ കണ്ടതാണ്.


പത്തിരുപതോളം മിനിട്ട് നീണ്ടു നിന്ന പോലീസ്‌ നരവേട്ട   കഴിഞ്ഞപ്പോള്‍
റോഡാകെ വിജനം. റോഡു നീളെ രക്തവും തുണികളും. ചെരിപ്പുകളും
നിറഞ്ഞു കിടക്കുന്നു. പോലീസിന്റെ സാന്നിധ്യം റോഡില്‍ ഇല്ലെന്നുറപ്പായതോടെ
ഒളിച്ചിരുന്നവര്‍ ഓരോന്നായി പതുക്കെ റോഡിലിറങ്ങി. ഓരോരുത്തരും
കാണാതായ സഹപ്രവര്‍ത്തകരെ തിരയുകയാണ്. പോലീസ്‌ സ്റേഷന് മുന്‍പില്‍
നിന്നുണ്ടായ  സംഭവ മായതുകൊണ്ട്. ഇപ്പോഴും റോഡിലെക്കിറങ്ങാന്‍ ഭയം.
സ്റേഷന്‍ മുറ്റത്ത് പോലീസ്‌ കൂട്ടമുണ്ട് . കുറെ എണ്ണത്തിനെ
ജീവശവമാക്കിയ സന്തോഷം ആഘോഷിക്കുന്നപോലെ.

 അപകടം പററിയവരാരോക്കെ?ആരെങ്കിലും മരിച്ചോ? കൊന്നുകൊണ്ട്
പോലീസുകാര്‍ സഹപ്രവര്‍ത്തകരെ എവിടെ കൊണ്ടിട്ടു? എന്നൊക്കെയുള്ള
 പരസ്പര അന്വേഷണം നടക്കുന്നു.കാണാതായവരെ തേടി ആശുപത്രികളിലും,
അടുത്തുള്ള ക്ലിനിക്കുകളിലെക്കും സംഘം സംഘമായി നീങ്ങി. അടികൊണ്ടു
പരിക്കേറ്റ പലരും കോട്ടപറമ്പ് ജനറല്‍ ആശുപത്രിയിലും, ബീച്ച് ആശുപത്രിയിലു
മായിരിക്കാം എന്ന നിഗമനത്തില്‍ ഞങ്ങള്‍ അങ്ങോട്ട്‌ കുതിച്ചു.

ആശുപത്രി പരിസരമാകെ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.സംഭവം
കാട്ടുതീപോലെ പടര്‍ന്നു.ഇന്നത്തെ പോലെ ടി.വി.യോ,മറ്റു നെറ്റുവര്‍ക്ക്
സംവിധാനമോ ഇല്ലാതിരുന്ന ആ കാലത്ത് റേഡിയോ വാര്തമാത്രമായിരുന്നു
സംഭവങ്ങള്‍ അറിയാനുള്ള ആശ്രയം . പത്രങ്ങളെല്ലാം രാവിലെ ഇറങ്ങുന്നവയാണല്ലോ.
കോഴിക്കോട് അന്ന് സായാഹ്ന പത്രമായി ഇറങ്ങുന്നത്, തെരുവത് രാമന്‍ സാറിന്റെ
പത്രാധിപത്യത്തിലുള്ള " പ്രദീപം" മാത്രമായിരുന്നു. പത്രക്കാരും അന്ന്
പണിമുടക്കിലായതുകൊണ്ട്, ശരിയായ വാര്‍ത്തകള്‍ ഒന്നും തന്നെ അറിയാന്‍
 വഴിയില്ലായിരുന്നു. എന്നിട്ടും എങ്ങിനെയോ പോലീസിന്റെ നരനായാട്ട്
വാര്‍ത്ത സിറ്റി ആകെ പടര്‍ന്നു .കേട്ടറിഞ്ഞ ജനങ്ങള്‍ ആശുപത്രി പരിസരമാകെ
 നിറഞ്ഞു.  യൂണിയന്‍, പാര്‍ട്ടി പ്രവര്‍ത്തകറം എത്തിയതോടെ , മുദ്രാവാക്യം
വിളിയും ബഹളവും.

ഭാഗ്യവശാല്‍ "ചന്ദ്രിക" പത്രത്തിലെ പ്രവര്തകര്‍ക്കാര്‍ക്കും ഒന്നും അപായമുണ്ടായില്ല.
മറ്റു പത്രക്കാര്‍ക്കും വലിയ പരി‍ക്കൊന്നുമുണ്ടായില്ല. മില്‍ തൊഴിലാളികള്‍ ഏറ്റവും മുന്പിലായിരുന്നതുകൊണ്ട്, അവര്‍ക്കാണ് ഏറെയും പരിക്ക് പറ്റിയത്.ആശുപത്രി
വളപ്പില്‍ തടിച്ചു കൂടിയവര്‍ മുദ്രാ വാക്യം വിളിച്ചു കൊണ്ട് ഒരു വന്‍ പ്രതിഷേധ
പ്രകടനത്തിനുള്ള തയാറെടുപ്പിലാണ്.

എന്നാല്‍ ജില്ല ജേര്‍ണലിസ്റ്റ്‌ യൂണിയനും, നോണ്‍ ജേര്‍ണലിസ്റ്റ്‌ യൂണിയനും ഇങ്ങിനെ
 ഒരു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു കൊണ്ട്
അന്ന് ഞങ്ങള്‍ പരിക്കേറ്റവര്‍ക്കുള്ള സഹായത്തിനായി ആശുപത്രി പരിസരത്ത്
തന്നെ കഴിച്ചു കൂട്ടി.

റെയില്‍വെ സമരം നീണ്ടു പോയതോടെ, സര്‍വോദയ നേതാവ് ജയപ്രകാശ്‌
നാരായന്‍,രാജ നാരായന്‍, മൊറാര്‍ജി ദേശായി തുടങ്ങി  പല ദേശീയ
നേതാക്കളും സമരത്തെ അനുകൂലിച്ചതോടെ, ഇന്ദിരാ ഗാന്ധിയുടെ
'ഗരീബി ഹടാഓ' എന്നാ മുദ്രാവാക്യവുമായി ജന ശ്രദ്ധ തിരിച്ചു വിടാനും,
ഏറെക്കുറെ ഉരുക്ക് മുഷ്ടിയോടെ അടിച്ചമര്‍ത്തല്‍ മനോഭാവത്തോടെ,
ഇന്ദിരാ ഗാന്ധി ഭരണം കയ്യാളിയ ആ ഘട്ടത്തില്‍, കേരളത്തില്‍
സി. അച്ചുത മേനോന്‍ മന്ത്രി സഭയില്‍ അഭ്യന്തരം ഭരിച്ച , ഇന്ദിരാജിയുടെ
വിശ്വസ്തനായ കരുണാകരന്‍ സാര്‍ , റെയില്‍വെ സമരത്തിനനുകൂലിക്കുന്ന
ഏതു പ്രസ്ഥാനങ്ങളെയും അടിച്ചോതുക്കുക  എന്നത്
ഒരു നയമായിതന്നെ സ്വീകരിച്ചു. അതിന്റെ പ്രതിഫലന മായിരുന്നു സമാധാന
പരമായി നീങ്ങിയ ഞങ്ങളുടെ പ്രകടനത്തിനു നേരെ ലാത്തിയടിച്ചത്.
അല്ലാതെ അന്നും ഇന്നും എനിക്കറിയാന്‍ കഴിയാത്ത ആ പോലീസ്‌
മര്‍ദ്ദനത്തിനു  പോലീസ്‌ പറയുന്ന ഭാഷ്യം, "പ്രകടനക്കാര്‍ സ്റ്റേഷനു നേരെ
 കല്ലെറിഞ്ഞു" എന്നതാണ്. പോലീസ്‌ സ്റേഷന് നേരെ കല്ലെരിയേണ്ട
ഒരു വിഷയവും ആപ്രകടനതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടുണ്ടാ
യിരുന്നില്ല തന്നെ.അതെന്തായാലും അതവിടെ നില്കട്ടെ.

അങ്ങിനെ റെയില്‍വെ സമരം രാജ്യത്തിന്റെ മൊത്തം അവസ്ഥ വല്ലാത്ത ഒരരക്ഷിതാവസ്തയിലെക്കെതിച്ചു വെന്നു പറയാം. രാജ്യത്തിന്റെ പല ഭാഗങ്ങളും
 ഇങ്ങിനെ പുകഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥ.

"ഗരീബി ഹഠാഓ" ( ദാരിദ്ര്യം ഉന്മൂലനം  ചെയ്യൂ) എന്ന ഇന്നിരാ ഗാന്ധിയുടെ
മുദ്രാവാക്യം,ജനജീവിതത്തിന്  ഒരാശ്വാസവും നല്‍കാതെ , ഇന്ദിരയുടെ ഭരണത്തിലും,
അല്ലാതെയും സ്വയം ഭരണം നടത്തുന്ന സഞ്ജയ്‌ ഗാന്ധിയുടെയും അധികാരക്കളികള്‍
രാജ്യത്തെ മുതിര്‍ന നേതാക്കളില്‍ വളരെ അസ്വാസ്ത്യമുണ്ടാക്കി.

റെയില്‍വെ സമരം രാജ്യത്തെ ഭരണ സ്തംഭാനവസ്തയിലെക്കെത്തിക്കും വിധം
അത് രാജ്യവ്യാപകമായി അതിന്റെ അലയൊലികള്‍ ആഞ്ഞടിച്ചു കൊണ്ടിരുന്നപ്പോള്‍ ,
സഞ്ജയ്‌ ഗാന്ധിയുടെ ഭരണ ഇടപെടലുകളും,കൊണ്ട് അസ്വസ്ഥരായ സ്വാതന്ത്ര്യ
സമര സെനാനികളായ നേതാക്കള്‍ പോലും,ഇന്ദിരാ ഗാന്ധിയുടെ ശത്രുക്കളായി മാറി.


 ഇങ്ങു കേരളത്തില്‍ സി. അച്ചുത മേനോന്‍ മന്ത്രിസഭയില്‍ അന്ന് കരുണാകരനായിരുന്നു
 പോലീസ്‌ മന്ത്രി.ഇന്ദിരാ ഗാന്ധിയുടെ ആശ്രിതനായ കരുണാകരന്‍, മത്ത് തലയില്‍
 കയറിയ അഭ്യന്തര മന്ത്രിയായിക്കൊണ്ട്, പോലീസിനെ ഉപയോഗിച്ച് പല ക്രൂരതകളും ചെയ്യുകയുണ്ടായി.


റായ് ബറേലിയില്‍ നിന്നുള്ള,ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടുകൊണ്ട്
അലഹബാദ്‌ ഹൈകോടതിയുടെ വിധി വന്നപ്പോള്‍,സര്‍വോദയ നേതാവ്,
ജയപ്രകാശ്‌ നാരായണ്‍ ഇന്ദിരാ ഗാന്ധിയുടെ രാജി ആവശ്യപ്പെട്ടു.അതോടെ
൧൯൭൫ ജൂണ്‍ ൨൫ അര്‍ദ്ധരാത്രി രാജ്യത്തുടനീളം ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ചു. രാജ്യ വ്യാപകമായി നേതാക്കളെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചു.
പത്രങ്ങള്‍ക്കു നിയന്ത്രണം വരുത്തി.പല പത്രങ്ങള്‍ക്കും,പ്രസിട്ദീകരണാനുമതി
നിഷേധിച്ചു ഒറ്റ രാത്രികൊണ്ട് ഇന്ത്യയാകെ നിശ്ശബ്ദമാക്കിക്കൊണ്ട് ഇന്ദിരാ
ഗാന്ധി ഉരുക്ക് മുഷ്ടി രാഷ്ട്രീയം നടപ്പാക്കി. ജനങ്ങളുടെ വായടക്കി.പത്ര സ്വാതന്ത്ര്യം
മരവിപ്പിച്ച്ചതോടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളൊന്നും
ജനങ്ങളറിയാതെ ശ്വാസം മുട്ടി.

"നാവടക്കൂ, പണിയെടുക്കു" എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി, ജനങ്ങളുടെ നാവിന്
 തടയിട്ടുകൊണ്ട്, അലഹാദ്‌ ഹൈകോടതി വിധി മറികടക്കാന്‍, കരിനിയമം
 നടപ്പാക്കാന്‍ അവരെ നിര്‍ബന്ധിതമാക്കി എന്ന് വേണം പറയാന്‍

അടിയന്തരാവസ്ഥയും,പത്ര സെന്സെറിങ്ങും വന്നതോടെ, ആന്നുഅച്ചടിച്ച്‌
കൊണ്ടിരുന്ന എല്ലാ പത്രങ്ങളും, പുറത്തിറക്കാതെ വെക്കുകകയും പുതിയ
 സെന്‍സറിംഗ് നിയമ പ്രകാരം പത്രത്തില്‍ കൊടുക്കുന്ന വാര്‍ത്തകള്‍ ജില്ലാ
കലക്ടറുടെ പരിശോധനക്ക് ശേഷമുള്ള അനുമതിയോടെയേ പ്രസിദ്ധീകരിക്കാവൂ
എന്ന് വന്നതോടെ, പത്രം എന്ന ഒന്ന് പുറത്തിറക്കേണ്ട ആവശ്യകത തന്നെ
ഇല്ലാതെ വന്നു. സ്വതന്ത്രമായി, സത്യാ സന്ധമായി വാര്‍ത്തകള്‍ നല്‍കാന്‍
കഴിയുന്നില്ലെങ്കില്‍ പിന്നെന്തു പത്ര പ്രവര്‍ത്തനം?

അടിയന്തിരാവസ്ഥയെ നാം അങ്ങേ അറ്റം പഴികുമ്പോഴും, അത് സര്‍ക്കാര്‍
സ്ഥാപനങ്ങളിലും,ഉദ്യാഗസ്ഥ തലങ്ങളിലും,കുറെ മാററങ്ങള്‍ ഉണ്ടാക്കി
എന്ന കാര്യം വിസ്മരിച്ചുകൂടാ.

സര്‍ക്കാര്‍ ഓഫീസുകള്‍ കുറച്ചു കാര്യക്ഷമ മായി പ്രവര്‍ത്തിച്ചുതുടങ്ങി
ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ ഇരുന്നുറങ്ങാന്‍ വയ്യാതായി,
കൈക്കൂലിയും ശുപാര്‍ശയും നടക്കാതായി. സമയം തെറ്റാതെ ഉദ്യോഗസ്ഥര്‍
ഓഫീസുകളിലെത്തി. കൂട്ടം പറഞ്ഞോ ,കിന്നാരം പറഞ്ഞോ ഓഫീസ്‌ സമയം
പാഴാക്കാന്‍ കഴിയാതായി,  പൂഴ്ത്തിവെപ്പും,
കരിഞ്ചന്തയും നടക്കാതായി. ഇങ്ങിനെ അടിയന്തിരാവസ്തകൊണ്ട് ഒരുപാട
അച്ചടക്കം ഉദ്യോഗ തലത്തില്‍ ഉണ്ടായി,, അടിയന്തിരാവസ്ഥയുടെ
 മറവില്‍, ഭരണ വര്‍ഗം കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ലോകം അറിയാനോ, ചോദ്യം
ചെയ്യപ്പെടാനോ കഴിയാത്ത അവസ്ഥയില്‍ ജനം ശ്വാസം മുട്ടി.

സഞ്ജയ്‌ ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണ പരിപാടി, ചേരി പ്രദേശങ്ങളില്‍ 
‍ നിന്നും വാസികളെ ഓടിച്ചു ബുള്‍ ഡോസര് കൊണ്ട്  ഇടിച്ചു നിരപ്പാക്കല്‍‍,
അങ്ങിനെ സഞ്ജയ് ഗാന്ധിയും, ശിങ്കിടികളും രാജ്യത്തെ ജനങ്ങളെ അമ്മാനമാടി
ക്കൊണ്ടിരുന്ന ഘട്ടത്തില്‍, ഇങ്ങു കേരളത്തില്‍ പുലിയായി മാറിയ കരുണാരനും
,പോലീസും,കാട്ടിക്കൂട്ടിയ ക്രൂരതക്ക് എന്നും സാക്ഷിയാണ്,എഞ്ചിനീറിംഗ്
വിദ്യാര്‍ഥിയായ,രാജനെ നക്സല്‍ ബന്ധം ചാര്‍ത്തി, കക്കയം ഡാമിലെ
രഹസ്യ കേന്ദ്രത്തില്‍ വെച്ച് ഉരുട്ടികൊന്ന സംഭവവും,രാജന്റെ അച്ഛന്‍ ടി.വി.
ഈച്ചരവാര്യര്‍ അദ്ദേഹത്തിന്‍റെ മരണം വരെ കരുണാകരനെതിരെ
പോരാടിയതും,മെല്ലാം, അടിയന്തിരാവസ്ഥ യുടെ കറുത്ത ഓര്‍മ്മകള്‍.
ഇന്നും മാഞ്ഞു പോകാതെ  മരിക്കാത്ത സാക്ഷികളായി നില്‍ക്കുന്നു.

ഏകദേശം ഇതേ കാലയളവിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലെയും
അസ്വാരസ്യങ്ങള്‍ തുടങ്ങുന്നത്.അച്ചുത മേനോന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ
മന്ത്രിയായിരുന്നു. സി എച്ച് മുഹമ്മദ്‌ കോയാ സാഹിബ്.

ലീഗിന്റെ ഭിന്നത ആശയപരമായിരുന്നില്ല. സയിദ്‌ അബ്ദുറഹിമാന്‍ ബാഫഖിതങ്ങളുടെ
മരണത്തോടെ ലീഗിലെ ആ ഏകസ്വര അന്തരീക്ഷത്തിനു ഭംഗം വന്നു കൊണ്ടിരുന്നു.
അധികാര മോഹികളും, സ്വാര്‍ത്ഥ താല്പര്യക്കാരും ലീഗില്‍ തലപൊക്കാന്‍ തുടങ്ങി.
 ലീഗെന്നാല്‍ ബാഫഖിതങ്ങളും,സി.എച്ചും.എന്ന ചിത്രമേ ആദ്യകാലങ്ങളില്‍
എതോരുത്തന്റെയും മനസ്സില്‍ തെളിയു.അതായിരുന്നു. മറ്റു നേതാക്കള്‍
 അപ്രസക്തമായിരുന്നു എന്നല്ല ഇതിനര്‍ത്ഥം

പാവപ്പെട്ട ഒരു മുസ്ലിയാര്‍ കുടുംബത്തില്‍, കോഴിക്കോട് അത്തോളിയില്‍
ജനിച്ച കോയാ സാഹിബെന്ന സി.എച്ച്.മുഹമ്മദ്‌ കോയാ. ആ  നാമമായിരുന്നു
ലീഗിന്റെ ശക്തി. അതിനെ ദത്ത്  പുത്രനെ പോലെ ആളാക്കിയ അബ്ദുറഹിമാന്‍
ബാഫഖി തങ്ങളുടെ വിയോഗം , സി.എച്ചിന്. ഒരനാഥത്വം ലീഗില്‍
 അനുഭവപ്പെട്ടിരിക്കാം. സി എച്ചിനെതിരെ അങ്ങിനെ പ്രശ്നങ്ങള്‍
തലപൊക്കിത്തുടങ്ങി

ദേഹത്തെ രക്തത്തിനു പോലും പച്ച നിറമായ മനുഷ്യരുടെ  നാടാണ് മലപ്പുറം.
പച്ച മലപ്പുറത്തുകാരുടെ മതമാണ്‌. "ചന്ദ്രിക" അവരുടെ മുസ്ഹഫും. മലപ്പുറം
ലീഗ് കാക്കാ മാരുടെ ശക്തമായ പിന്കരുത്ത് സി.എച്ചി നുണ്ടായിരുന്നു വെങ്കിലും ,
വടക്കന്‍ ജില്ലകളിലെ കേയിമാരുടെ ശക്തി സി.എച്ചിനെതിരെ വന്നപ്പോള്‍,
ലീഗിലെ അഭിപ്രായ ഏകീകരണം തകര്ന്നുകൊണ്ടിരുന്നു...................... തുടരും

ചിത്രങ്ങള്‍ ഗൂഗിളിനോട് കടപ്പാട്
ഞാന്‍ എന്നിലൂടെ ഒന്നാം ഭാഗം ലിങ്ക്
http://mkoyap.blogspot.com/2010/08/blog-post.html

5 അഭിപ്രായങ്ങൾ:

ഒരു നുറുങ്ങ് പറഞ്ഞു...

"ഗരീബി ഹഠാഓ" ( ദാരിദ്ര്യം ഉന്മൂലനം ചെയ്യൂ)
എന്ന ഇന്ദിരാ-സഞ്ജയ്-ബഹുഗുണമാരുടെ
മുദ്രാവാക്യം ഫലത്തില്‍ “ഗരീബോം കൊ ഹഠാവോ” എന്നായിത്തീര്‍ന്നു
എന്ന് മുമ്പെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.
അപ്പോലെത്തന്നെ “തുര്‍ക്കുമാന്‍ ഗേറ്റ് ”
അതിക്രമങ്ങളെക്കു ഒരു മാന്യന്‍ കേരളത്തില്‍
പ്രഘോഷിച്ചത്,ഈ ക്രൂരത നടന്നത് ഇങ്ങ്
ഇന്ത്യാരാജ്യത്തല്ല...അതങ്ങകലെയുള്ള തുര്‍ക്കിയിലാണെന്നും പറയാന്‍ ധൈര്യപ്പെട്ടു
എന്നും വായിച്ചതായി ഓര്‍ക്കുന്നു..!!
അടിയന്തരത്തിന്‍റെ കരാളതയെക്കുറിച്ച്
കുറച്ചേറെ എഴുതാമായിരുന്നില്ലേ..?

നല്ല വിവരണങ്ങളാണ്‍.ഭാവുകങ്ങള്‍.

M.K Pandikasala പറഞ്ഞു...

പുതിയ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം. അടിയ ന്തിരാവസ്ഥയെ ഒന്ന് സ്പര്‍ശിക്കാനെ ഉദ്ദേശിച്ചുള്ളൂ. വിഷയം മാറരുതെന്നു കരുതി.എന്റെ വിഷയതിലെക്കെത്താന്‍ അടിയന്തിരാവസ്ഥയും തൊടാതെ പോകാനാവില്ല. ആ കരിനിയമത്തെ കുറിച്ച് ഇനിയും പറയേണ്ട സന്ദര്‍ഭങ്ങള്‍ തുടര്‍ഭാഗങ്ങളില്‍ ഉണ്ട് . എന്റെ ജീവിതം അതുമായോക്കെ ബന്ധപ്പെട്ടുകിടക്കുന്നു. വെറും ഓര്‍മ്മയില്‍നിന്നെടുത്തെഴുതുന്ന ഈ ലേഖനം,തികച്ചും സത്യാസന്ധമായിരിക്കണം എന്നും ആഗ്രഹിക്കുന്നു. താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി.
പുതിയ തലമുറ വെറും കേട്ട് കേള്വി മാത്രമേ ഉണ്ടാകൂ. അതിനാല്‍, അടുത്ത ഭാഗങ്ങളില്‍ കുറേകൂടി വിശദമാക്കാം .......... പി.എം.കോയ

mayflowers പറഞ്ഞു...

അടിയന്തരാവസ്ഥയുടെ ഭീകരമുഖം ഓര്‍മിക്കണമെങ്കില്‍ നമുക്ക് ഒരൊറ്റ രാജന്‍ പോരെ?
നല്ല പോസ്റ്റ്‌.

Unknown പറഞ്ഞു...

പുതിയ പുതിയ അറിവുകള്‍

അജ്ഞാതന്‍ പറഞ്ഞു...

പലതും അറിയാൻ കഴിഞ്ഞു.. ആശംസകൾ