ബുധനാഴ്‌ച, ഒക്‌ടോബർ 02, 2013

മഹാത്മാവിനു ആദരാജ്ഞലികള്‍...



നമ്മുടെ പവിത്ര മണ്ണിന്റെ നിറവും ഗന്ധവും പേറി ദരിദ്ര നാടിനെ,നാടിന്റെ മക്കളെ നെഞ്ചോടു ചേര്‍ത്തു നവഭാരതം കെട്ടിപ്പടുക്കാനുള്ള മഹാത്മാവിന്റെ സ്വപ്നവും,പ്രയത്നവും....

കൃഷി പിഴുതെറിഞ്ഞു ,മണ്ണിന്റെ മണവും നിറവും മാറ്റി, ഉടുതുണി വലിച്ചെറിയുന്ന സംസ്കാരം വളര്‍ത്തി പരിപാവനമായ ഹര്‍ഷ  മണ്ണിനെ, പാശ്ചാത്യ  സംസ്കാരത്തിലേക്ക്  തള്ളി  വിടുന്ന ഇന്നത്തെ നാം ആ മഹാത്മാവില്‍ നിന്നും എത്ര ദൂരം...?

നോട്ടിലും,നാണയങ്ങളിലും മഹാത്മാവിന്റെ ചിത്രം ഒതുക്കി,മഹാത്മാ സംസ്കാരം, രാജ്യത്തിന്റെ, ഇന്ത്യന്‍ മണ്ണിന്റെ സംസ്കാരം വലിച്ചെറിഞ്ഞുകൊണ്ട്  വരും തലമുറയെ നശിപ്പിക്കും വിധം  രാജ്യം നയിക്കു
ന്നവര്‍ അവകാശപ്പെടുന്ന പുരോഗമനം നമ്മുടെ രാജ്യത്തിന്റെ മക്കള്‍ക്ക്‌,സ്വീകാര്യമാണോ എന്ന് കുടുംബ ബോധമുള്ള, സാമൂഹ്യ ബോധമുള്ള രാജ്യസ്നേഹമുള്ള നാമോരോരുത്തരും ചിന്തിക്കേണ്ടതാണ്.

സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം ഭരിച്ചകോണ്ഗ്രസ് ,ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ ആ പാര്‍ട്ടിയുടെ,പാരമ്പര്യവും സംസ്കാരവും ആകെ മാറി.മഹാത്മാ ഗാന്ധി യുടെയും, പണ്ഡിറ്റ്‌ നെഹ്രുവിന്റെയും കൂടെ പ്രവര്‍ത്തിച്ചു വളര്‍ന്ന ആ മഹല്‍ പുത്രിയും ഭാരത മണ്ണിന്റെ ആത്മാവിനെ കണ്ടു ഭരണം നടത്തിയ ആദര്‍ശ ശുദ്ധിയുള്ള വരുടെ ശിഷ്യ ഗുണമുള്ള മഹല്‍ വ്യക്തിത്വമുള്ള ഇന്ത്യന്‍ ഭരണാധികാരിയായിരുന്നു.

കോണ്ഗ്രസ് ഒറ്റക്കക്ഷി ഭരണം രാജ്യത്ത് അവസാനിച്ചതോടെ, അധികാര ദുര്മോഹികള്‍ അധികാരം പിടിച്ചെടുത്തു ഭരിക്കാന്‍ എന്ത് മാര്‍ഗ്ഗവും ന്യായീകരിച്ചു  തുടങ്ങിയതോടെ ധൂര്‍ത്തും അഴിമതിയും നമ്മുടെ രാജ്യത്തിന്റെ തീരാ ശാപമായി മാറി.

രാജ്യം ഇന്ന്, തിരഞ്ഞെടുക്കപ്പെടുന്ന ആര് ഭരിച്ചാലും,കോണ്ഗ്രസ് ആയാലും, ബി ജെ.പി  ആയാലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.ന്യൂന പക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന കോണ്ഗ്രസ് അധികാരത്തിലിരുന്ന,രാജീവിന്റെ കാലത്താണ് ബാബറി മസ്ജിദ് പ്രശ്നം രൂക്ഷമായത്.എതിര്‍ സമുദായത്തിന് താല്‍ക്കാലിക പ്രാര്‍ത്ഥന നടത്താന്‍ സൗകര്യം നല്‍കിയതോടെ പ്രശ്നം വലുതായി.രാജീവ് ഗാന്ധിയുടെ വിയോഗശേഷം പ്രധാന മന്ത്രിയായ നരസിംഹറാവുവിന്റെ ഭരണ കാലത്താണ് ബാബറി മസ്ജിദു തകര്‍ക്കപ്പെട്ടത്.

ബാബറി മസ്ജിദ് ഒരു സമുദായത്തിന്റെ അവകാശമായിരുന്നില്ല. മറിച്ചു നമ്മുടെ മഹത്തായ നാടിന്റെ,നാം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സംസ്കാരത്തിന്റെ നൂറ്റാണ്ടുകളുടെ  പഴക്കമുള്ള പാരമ്പര്യശിലയായിരുന്നു.
ആ പാരമ്പര്യ ശില തകര്‍ത്തെറിയുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ കോണ്ഗ്രസ്പ്രധാന മന്ത്രി ഉറക്കമായിരുന്നു!!.ഇതിലപ്പുറം ലജ്ജാകരമായ ഒരവസ്ഥ നമ്മുടെ നാടിന്നു വന്നു ഭവിക്കാനുണ്ടോ?

ലോകം വളരെ ആദരവോടെ കാണുന്ന മഹാത്മാ ഗാന്ധിജിയുടെ മണ്ണില്‍ രാജ്യത്തിന്റെ പാരമ്പര്യ സംസ്കാരം തകര്‍ത്തെറിയുന്ന വര്‍ഗ്ഗീയ വാദികളെ ലോകം അറിയുന്നതും, അല്ഭുതപ്പെടുന്നതുംബാബറി മസ്ജിദ് തകര്‍ത്തെറിഞ്ഞ സംഭവത്തോടെയായിരുന്നു.

അപ്പോള്‍ കോണ്ഗ്രസ് ഭരിച്ചാലേ നമ്മുടെ രാജ്യത്ത് മതേതരത്വം നില നില്‍ക്കൂ എന്നവകാശപ്പെടുന്നത്തില്‍ അര്‍ത്ഥമില്ല.ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ആരും ഭരിക്കട്ടെ.ആര് ഭരിച്ചാലും ആരുടേയും ലക്‌ഷ്യം രാജ്യ പുരോഗതിയും നന്മയും, ജന പുരോഗതിയുമല്ല എന്ന് ഇന്ദിരാ ഗാന്ധിക്ക് ശേഷം നാം കണ്ടുകൊണ്ടിരിക്കുന്നു.പക്ഷെ ഇനിയുള്ള കാലം അതിനെല്ലാം മാറ്റം വരും എന്നതിനുള്ള സൂചന സമീപ കാല സംഭവങ്ങള്‍ - ബഹു.കോടതികളുടെ ഇടപെടലുകളും,ചില വന്‍ സ്രാവുകളെ ശിക്ഷിച്ചു കൊണ്ടുള്ള  ശ്രദ്ദേയമായ വിധികളും.

ദരിദ്രന്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വക കന്ടെത്താനാവാതെ ആഹാരം കിട്ടാതെ മരിച്ചു ജീവിക്കുമ്പോള്‍,മറുഭാഗം സമ്പത്ത് കുന്നുകൂട്ടി രാജ്യം നിയന്ത്രിക്കും വരെ അധികാരം കവര്‍ന്നെടുത്തു സമാന ഭരണ കൂടങ്ങളാകുന്നു.എന്ത് ആരോപണങ്ങള്‍ വന്നാലും അധികാരം വിട്ടൊഴിയില്ല
 എന്ന ദുര്‍ വാശിയില്‍ നില്‍ക്കുന്നു, അധികാരത്തിലിരിക്കുന്ന നമ്മെ ഭരിക്കുന്ന പലരും!! 

ഇതിനിടെ ചില അഭിനവ ഗാന്ധിമാരും രംഗത്തിരങ്ങിയെങ്കിലും,തുടക്കം തന്നെ അഴിമതിയും ധൂര്‍ത്തുമായി അതും അലങ്കോലമായി. അഴിമതി തുടച്ചു മാറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ അഴിമതിയില്‍ മുങ്ങി.

എല്ലാം തകര്‍ന്നടിയുംബോഴും  നമ്മുടെ രാജ്യം അങ്ങിനെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല എന്ന സാമാന്യ ജനതയുടെ വിശ്വാസം ഉറപ്പിക്കുന്ന തരത്തില്‍ഭരണ കേന്ദ്രങ്ങളുടെ മേല്‍  ബഹുമാനപ്പെട്ട കോടതികളുടെ നിരീക്ഷണവും, ഇടപെടലുകളും, നമുക്ക് തരുന്ന ആശ്വാസം ചെറുതൊന്നുമല്ല.

ക്രിമിനലുകളെ ഭരണത്തില്‍ നിന്നകറ്റി അയോഗ്യരാക്കുന്ന വിധിയും , നിഷേധ വോട്ടു രേഖപ്പെടുത്താനുള്ള അവസരവും സമീപകാലത്തുണ്ടായ മഹത്തായ ഇടപെടലുകളാണ്.അതേപോലെ കേരള മുഖ്യ മന്ത്രിയുടെ ഗന്‍ മാന്‍ ആയിരുന്ന സലിം രാജ് വിഷയത്തില്‍ ബഹുമാനപ്പെട്ട കേരള ഹൈകോടതി നടത്തിയ "ഇവിടെ എന്ത് ജനാധിപത്യ ഭരണമാണ് നടക്കുന്നതെന്ന "ചോദ്യവും നിസ്സഹാ
യരായ ദുര്‍ബല പൊതു ജന വികാരത്തിന്റെ ശബ്ദമായി നമുക്ക് കാണാം, ആശ്വസിക്കാം.

ഇനിയൊരു മഹാത്മാ ഗാന്ധിയും, നെഹ്രുവും, ഇന്ദിരാ ഗാന്ധിയും ,ഇ.എം.എസ്സും,എ.കെ.ജി യും ബാഫഖിതങ്ങളും, സി,എച് .മുഹമ്മദ്‌ കൊയയും ഒന്നും ഇനി ജനിക്കാനില്ല .രാജ്യത്തെ കട്ട് മുടിക്കുന്ന കൊള്ള രാജാക്കന്മാരുടെ കയ്യില്‍ ഇരുമ്പ് ചങ്ങലയിടാന്‍ ബഹുമാനപ്പെട്ട കോടതികള്‍ക്കെ കഴിയു.രാജ്യത്തെ അറുപതു കോടിയിലേറെ വരുന്ന ദരിദ്രരുടെ സംരക്ഷകരാകാന്‍, നമ്മുടെ രാജ്യം അതിന്റെ പാരമ്പര്യവും, സംസ്കാരവും കാത്തു സൂക്ഷിക്കാന്‍ ഭാരത ജനത ഇന്ന് പ്രതീക്ഷയര്‍പ്പിക്കുന്നത് ബഹുമാനപ്പെട്ട കോടതികളെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം..നമ്മുടെ മഹാത്മാവിന്റെ ആത്മാവിനെ കാണാന്‍ ബഹു കോടതികള്‍ക്കെ ആകൂ!. 
                
                 നമ്മുടെ മണ്ണിനു വേണ്ടി,ദരിദ്ര ജനങ്ങള്‍ക്ക്‌ വേണ്ടി ജീവത്യാഗം ചെയ്ത ആ  മഹാത്മാവിന്നു നമുക്ക്  ആദരാഞ്ജലികള്‍  അര്‍പ്പിക്കാം ....