തിങ്കളാഴ്‌ച, ഡിസംബർ 07, 2015

ഓര്‍ക്കാന്‍ ഏറെയുള്ള എന്റെ സ്വതന്ത്ര ഘട്ടം.--ജീവിത യാത്ര -8

           

       

      ടിയന്തരാവസ്ഥ കത്തി നില്‍ക്കുന്ന സാഹചര്യം..."നാവടക്കൂ പണിയെടുക്കൂ" ഇന്ദിരാ ഗാന്ധിയുടെ  അടിച്ചമര്‍ത്തല്‍ ഭരണത്തില്‍ ആത്യന്തം  മുഴങ്ങി നിന്ന മുദ്രാവാക്യം..നാവടക്കി പണിയെടുക്കാന്‍..!! നാവനക്കിയാല്‍ കല്‍തുറുങ്കും,പോലീസിന്റെ കിരാത മര്‍ദ്ദനവും. സ്വതന്ത്ര ഭാരതം അലിഖിത തനി സ്വേച്ചാധിപത്യ അവസ്ഥയിലേക്ക് നീങ്ങിയ ഈ കാലയളവില്‍ ഏതൊക്കെ കുടുംബത്തില്‍ ഏതൊക്കെ ആളുകള്‍ക്ക്, യുവാക്കള്‍ക്ക് എന്തോക്കെ സംഭവിച്ചു എന്നതൊന്നും വ്യക്തമല്ലാത്ത, അധികാര ഉദ്യോഗസ്ഥ വിഭാഗം, ജനങ്ങളെ  ഭയപ്പെടുത്തി ഇത്രയേറെ ചൂഷണം ചെയ്യപ്പെട്ട ഒരു കാലം നമ്മുടെ സ്വതന്ത്ര   ഇന്ത്യാ മഹാരാജ്യത്ത് മുന്‍പുണ്ടായിട്ടില്ല.

ഇതിന്റെ മറവില്‍ കുത്തക മുതലാളി വര്‍ഗ്ഗവും, ഇന്ദിരാനുകൂല രാഷ്ട്രീയ പ്രഭുക്കളും ചേര്‍ന്ന് എന്ത് ജനദ്രോഹവും, തൊഴിലാളി ദ്രോഹവും ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയ കാലഘട്ടം. ഇവിടെ ജനങ്ങള്‍ ഒന്നടങ്കം ഭയപ്പെട്ടു. സഞ്ജയ്‌ ഗാന്ധിയുടെ അധികാര പെക്കൂത്തും, ശിങ്കിടികളുടെ അരാചകത്വ ഇടപെടലുകളും,രാഷ്ട്രീയ ഭിന്നിപ്പുകള്‍ ഏറെ മറന്നു ജനങ്ങള്‍ തുല്യ ദുഃഖം പങ്കിട്ടു ജീവിച്ച അടിച്ചമര്‍ത്തലിന്റെ  നാളുകള്‍ ഇന്നും ഓര്‍ക്കാന്‍ ഭയമുളവാക്കുന്നു. 

അടിയന്തിരാവസ്ഥ ജന സ്വൈര്യ ജീവിതത്തിന്നു ഭീഷണിയായിരുന്നില്ലെങ്കിലും ബ്രിട്ടീഷ് പ്രഭുക്കളെപോലെ, ഏതു എഴാംകൂലി പോലീസുകാരനേയും രാപകല്‍ ഭയപ്പെട്ടു കഴിയേണ്ടി വന്നിരുന്നു. അകാരണമായി പിടിച്ച്കൊണ്ടുപോയാലും പിന്നെ ശവം പോലും കാണില്ല എന്ന് രാജന്‍ സംഭവത്തിന്റെ പേരില്‍ ജനം ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ജനജീവിതം വളരെ സ്വയം നിയന്ത്രണ പരിധിയില്‍ ഒതുങ്ങി ക്കഴിയെണ്ടി വന്നു. 

ഇത്തരം ഒരു സന്ദര്‍ഭം മുതലെടുത്തുകൊണ്ടുതന്നെ മുതലാളിത്ത  മേല്‍ക്കൊയ്മയില്‍ , തൊഴിലാളി വിരുദ്ധ നടപടികള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത, തൊഴിലാളി സമരങ്ങള്‍ പാടില്ലാതിരുന്ന അടിയന്തിരാവസ്ഥ ഘട്ടത്തില്‍ എന്നെപോലെ വഞ്ചിതരായി ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ നിസ്സഹായരായി നില്‍ക്കേണ്ടിവന്ന, ഈ സന്ദര്‍ഭം മുതലെടുത്ത്‌ കൊണ്ട്  അക്കാലത്ത് ധാരാളം തൊഴില്‍ പീഡനങ്ങള്‍  പുറം ലോകമറിയാതെ കടന്നു പോയി. നീതിയും, നിയമവും നിഷേധിക്കപ്പെട്ട നാളുകള്‍..... പക്ഷെ എന്നെ സംബന്ധിച്ചേടത്തോളം എന്റെ ജീവിതത്തിലെ ഏറെ രസകരമായ നാളുകള്‍ ആയിരുന്നു. 'ചന്ദ്രിക' യില്‍  നിന്നും പുറത്തിറങ്ങി , വീക്ഷണം പത്രത്തില്‍ കയറും വരെയുള്ള ആറുമാസം അനുഭവ സുന്ദരവും, ആസ്വാദ്യകരവുമായ നാളുകള്‍ ആയിരുന്നു....

അനാവശ്യമായ വിഷമ വൃത്തങ്ങള്‍ സൃഷ്ടിച്ചു ആധിയാകുന്ന സ്വഭാവം ഞാന്‍ അന്നും ഇന്നും സ്വീകരിക്കാറില്ല. എന്റെ പരിധിയില്‍, എനിക്ക് ചെയ്യാന്‍ കഴിയുന്ന, ഞാന്‍  അത് ചെയ്തിരുന്നെങ്കില്‍ ഇങ്ങിനെ സംഭവിക്കില്ലായിരുന്നു, അല്ലെങ്കില്‍ ഒരു നാശം വരില്ലായിരുന്നു, എന്ന സ്വയം കുറ്റപ്പെടുത്തലുകള്‍ എന്റെ മനസ്സില്‍ സ്വീകരിക്കാത്ത അവസ്ഥ, അതായത്  ഞാന്‍ കാരണമല്ലാതാകുന്ന, എന്റെ പരിധിയിലും കഴിവിലും അല്ലാത്ത ഒരു കാര്യങ്ങള്‍ക്കും, വരുന്ന ജീവിത സാഹചര്യങ്ങളില്‍ , അതിന്റെ കഷ്ട്ട നഷ്ടങ്ങളില്‍ വേദനയും, ദുഖവും,തോന്നാറ് ഉണ്ടെങ്കിലും, അതില്‍ എന്‍റെ വീഴ്ച ഒന്നുമില്ല  എന്ന് ഞാന്‍ സ്വയം ബോദ്ധ്യപ്പെടുത്തി സമാധനിക്കുന്നതോടൊപ്പം ആ വിഷയത്തില്‍ എന്നെ അലട്ടാന്‍ ഞാന്‍ സ്വയം അനുവദിക്കാറില്ല.

സംഭവിക്കേണ്ടത് സംഭവിച്ചു. ഇനി എന്ത് എന്‍റെ മുന്‍പില്‍..? എന്താണെന്റെ ജീവിത വഴി? ചെറുകിട പ്രസ്സുകളില്‍ ജോലി എന്നത് ചിന്തിക്കാന്‍ കഴിയുന്നില്ല. ജോബ്‌ വര്‍ക്ക് പ്രിന്റിംഗ് ആയിരുന്നില്ല എന്റെത്. പത്രം പ്രിന്റിംഗ് ആയിരുന്നു...അന്നത്തെ ഏറ്റവും നൂതന സാങ്കേതിക മേന്മയില്‍ ചന്ദ്രിക പത്രത്തില്‍ സ്ഥാപിച്ച 'പ്ലമെഗ്' റോട്ടറി പ്രസ്. രണ്ടു യൂണിറ്റില്‍ പത്രത്തിന്റെ 16 പേജ് ഒരേ സമയം മണിക്കൂറില്‍ 30,000 കോപ്പി പ്രിന്റ്‌ ചെയ്യാവുന്ന PLAMAG SPEEDO 30 ജര്‍മ്മന്‍ മഷീന്‍, അത് അക്കാലത്ത് മറ്റ് പത്ര സ്ഥാപനങ്ങളിലോന്നും ഇല്ലാതിരിക്കെ, ഇനി എന്‍റെ പത്ര സ്ഥാപന ജീവിതം ഇവിടെ അവസാനിച്ചതായി എനിക്ക്  തോന്നി. എങ്കിലും ഞാന്‍ ഏറെ വ്യാകുലപ്പെടാതിരുന്നു.

ഇപ്പോള്‍ എനിക്കേറെ ആവശ്യം കഴിഞ്ഞതെല്ലാം മറക്കാനുള്ള വഴിയായിരുന്നു...നന്നേ ചെറുപ്പം... കുടുംബ ബാധ്യതകളോ, ഭാര്യയോ മക്കളോ ഒന്നുമില്ല. എന്‍റെ ശമ്പളം ചോദിച്ചു വാങ്ങുകയോ, അലട്ടുകയോ ചെയ്യാത്ത എന്‍റെ ഉമ്മ ബാപ്പ. ശംബളക്കാരനായി ജീവിക്കുമ്പോള്‍ പോലും ഉമ്മയുടെ അരക്കീശയിലോ, കൊന്തലയിലോ ഉള്ളത് വാങ്ങുന്ന, കിട്ടുന്നത് തികയാത്ത ജീവിത ശൈലി... അപ്പോള്‍ കുടുംബ പരമായും ഫ്രീ ആയിരുന്ന ഘട്ടം... ഇവിടെ എന്‍റെ തളര്‍ച്ചയും, കോട്ടവും  അറിയാതെ എന്നെ കൊണ്ട് നടക്കാന്‍ എന്‍റെ പ്രിയ സുഹൃത്തുക്കളും......

അപ്പോള്‍ പിന്നെ താല്‍ക്കാലികമായെങ്കിലും എന്‍റെ വിഷമത്തിനും, വേദനക്കും  അവധി കൊടുത്ത് കൊണ്ട് സുഹൃത്തുക്കളുടെ സ്വാന്തനത്തില്‍, ഞാന്‍ അവരില്‍ ലയിച്ചു... ഈ ഘട്ടത്തില്‍ കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയുമായി കൂടുതല്‍ അടുത്തു... ജോലി കഴിഞ്ഞു സുഹൃത്തുക്കള്‍ എത്തും വരെ ഇങ്ങിനെ വായനയും, മോഡല്‍ ഹൈസ്കൂളിന്നടുത്തെ കുംട്ടി ( പെട്ടി പീടിക) കടയിലെ കോയയുടെ അടുത്തും അങ്ങിനെയെല്ലാമായി ഉച്ചവരെ കഴിയും..പിന്നെ വീട്ടിലെത്തി ഭക്ഷണം കഴിച്ചുകിടന്നെഴുന്നെറ്റ് കുളി കഴിയുമ്പോഴേക്കും സുധാകരനും,മമ്മദ്കോയയുംഎ ത്തും.....                                                                                                         തുടരും.....

                                                              മുന്‍ ഭാഗങ്ങളും വായിക്കുമല്ലോ.