ഞായറാഴ്‌ച, ജനുവരി 26, 2014

ഞാൻ...................... ഇനിയെങോട്ട്..? ഞാൻ എന്നിലൂടെ ഭാഗം-7

               

             
           
              നാം കാണുന്നതും, ചിന്തിക്കുന്നെടത്തുമല്ല കാര്യങ്ങള്‍.... നമ്മുടെ ജീവിതത്തില്‍ വന്നു ചേരുന്ന വിപരീത അവസ്ഥകള്‍.. .  നമ്മെ ,അല്ലാഹു നിർണ്ണയിച്ചു വെച്ചിട്ടുള്ള വഴിക്ക് തിരിച്ചു വിടാനുള്ള ഒരു ഉപാധിപോലെ  നമ്മെ പരീക്ഷണ വിധേയമാക്കും..പലപ്പോഴും, ആ പരീക്ഷണ വഴി ദുർഘടവും,അസഹനീയമായിരിക്കാം.എങ്കിൽപോലും അതിനെ അതിജയിച്ച് മുന്നേറാൻ  കഴിയുന്നവന്, അല്ലാഹു അവനെ തെളിച്ഛത്തിലെത്തിക്കും എന്നതിനു എനിക്ക് എന്റെ ജീവിതം തന്നെ ഉദാഹരണമായി ധാരാളം.

                 1977 ജൂണ്‍  1 . ഇന്ന് ഞാന്‍ 'ചന്ദ്രിക' പ്രസ്സിൽ  നിന്നും പടിയിറങ്ങുകയാണ്.പതിനാറാം വയസ്സില്‍ സ്കൂളില്‍ നിന്നും നേരെ ചെന്ന് കയറിയത് മഹത്തായ അക്ഷര മുറ്റത്തായിരുന്നു.( ഒരു പത്ര സ്ഥാപനം എന്നത് വിശ്വവിത്ഞ്ഞാന കോശം തന്നെയാണ്.അറിവിന്റെ കേന്ദ്രമാണ്.അക്ഷരലോകമാണ്.എന്തുകൊണ്ടും മഹത്തരമായതാണ്.)മൂന്നു വര്‍ഷത്തെ കഠിന പ്രയത്നം കൊണ്ട് വശപ്പെടുത്തിയെടുത്ത ജീവൽ  ആയുധം. അതായിരുന്നു എന്റെ നെറുകയിൽ  ചാർത്തിയ 'പ്രിന്റർ'(പത്രം അച്ചടിക്കുന്നവൻ ) എന്ന പ്രവർത്തിയുടെ സാക്ഷ്യ പത്രം. ഞാ
ൻ മുഖം തിരിച്ചു പടിയിറങാനൊരുങിയപ്പോൾ മനസ്സു വിതുംബിയോ, വിങിയോ.. എല്ലാം അവ്യക്തമായ, കണ്ണുകളിലും , മനസ്സിലും  ഒന്നും തെളിഞ്ഞു കാണാനാവാത്ത പോലെ.പക്ഷെ തെളിഞ്ഞു നിന്ന ഒന്നുണ്ടായിരുന്നു.ഇതോടെ എന്റെ അച്ചടി ജീവിതം അവസാനിച്ചുവോ?എനിക്കേറെ പ്രിയപ്പെട്ട എന്റെ പത്രസ്ഥാപന  ജീവിതം അവസാനിച്ചുവോ?എന്ന ചിന്ത. അതായിരുന്നു മനസ്സിനെ ഏറെ അസ്വാസ്ഥ്യമാക്കിയതു.

                  ഇങ്ങിനെയുള്ള അനിയന്ത്രിതമായ മാനസിക അവസ്ഥയിലും "ഒരു മാസത്തിനകം മൊയ്തീൻ  കോയയെ ഈ സ്ഥാപനത്തിൽ  തിരിച്ചു കൊണ്ടുവരുമെന്ന എന്റെ യൂണിയൻ  നേതാക്കളുടെയും,പാണക്കാട് പൂക്കോയ തങ്ങളുടെയും, പി. സീതി ഹാജിയുടെയും, കെ.എസ്.സുലൈമാന്‍ ഹാജിയുടെയും, കെ.കെ.എസ് തങ്ങളുടെയും,സബ്‌ ചീഫ്‌ എഡിറ്റർ  കുട്ട്യാലി സാഹിബിന്റെയുമൊക്കെ വാക്കുകള്‍ ഓർത്തു ഞാൻ  ആശ്വാസം കണ്ടെത്താൻ  ശ്രമിക്കുമ്പോഴുംസഹപ്രവർത്തകരുടെയും,ഉറ്റ സുഹൃത്തുക്കളായവരുടെയുമെല്ലാം ദീന വികാരപരമായ മുഖം കണ്ടപ്പോള്‍ പിടിച്ചു നിൽക്കാൻ  കഴിയാതെ ഞാന്‍ ഒരു നിമിഷം വിതുംബിപോയി.ദൂരെ കാന്റീൻ  വാതിലില്‍ ചാരി ഉപ്പയും.അനിയനും നിൽക്കുന്നത് കൂടെ കണ്ടപ്പോള്‍ പിന്നെ പിടിച്ചു നിൽ നാവാതെ ഞാന്‍ ചന്ദ്രിക ഓഫീസിൽ  നിന്നും പടിയിറങ്ങി നടന്നു.

                (സാധാരണ ഒരു ജോലിസ്ഥാപനം എന്ന നിലയിലുള്ള ബന്ധമായിരുന്നില്ല ചന്ദ്രിക പ്രസ്സും, ഞാനും എന്റെ കുടുംബവും. ഉപ്പ കാന്റീൻ  നടത്തിപ്പ് കരാറ് ഏറ്റെടുത്തതു മുതൽ എന്റെ ജീവിതം കാന്റീനിൽ ഒതുങിയായിരുന്നു ഏറേയും.കാന്റീനിൽ നിന്നായിരുന്നു  ഞാൻ പഠിക്കാൻ പോയതു. ചന്ദ്രിക പ്രസ്സിൽ നിന്നും 5 മിനിട്ടിന്റെ നടത്തം,എനിക്കു മോഡൽ ഹൈസ്കൂളിൽ എത്താം. അതിനാൽ കാന്റീനിൽ പറ്റ് കാരുടെ കണക്കു എഴുതുന്നതിന്നായി ഉപ്പ എന്നെ ഏൽ‌പ്പിചു ഉപ്പ വീട്ടിലെക്കു പൊകും. രാത്രി 8 മണിക്കു കാന്റീൻ അടച്ചാൽ കണക്കെഴുത്തും പഠനവുമായി ഞാൻ കാന്റീനിൽ തങും.കാന്റീൻ ജൊലിക്കാരും ഉണ്ടാകും.)

              രാത്രി 10 മണിയാകുംബോൾ ഫസ്റ്റ് എഡിഷൻ പത്രം അടിച്ചു തുടങും.അപ്പോൾ ബുക്കും, കണക്കു ബുക്കും അടച്ചു ഞാൻ പ്രസ് റൂമിലേക്ക്‌ പോകും. പ്രസ് മാൻ ആയ മജീദ്ക്കയും, ഹെൽപർ മാരായ മമ്മുക്കയും, സി.പി അബ്ദുള്ളക്കയും ഉണ്ടാകും. ഡെസ്പാച്ചിൽ ഫരീദ്ക്കയും പത്രം പാക്‌ ചെയ്യുന്ന, കുഞ്ഞിക്കൊയക്ക, സാഹിബ്,അങ്ങിനെ കുറേപേർ ഉണ്ടാകും പ്രിന്റിംഗ് സെക്ഷനിൽ. ഹെൽപർ അബ്ദുള്ളക്ക എനിക്ക് എല്ലാം വിശദീകരിച്ചു തരും. പ്രിന്റിംഗ് മെഷീന്റെ പ്രവർത്തനം. 11 മണി ആകുമ്പോഴേക്കും ഫസ്റ്റ് എഡിഷൻ പത്രം പ്രിന്റ്‌ ചെയ്തു കഴിയും. പിന്നെ രണ്ടാം എഡിഷന്റെ പേജ് സെറ്റപ് ആകും വരെ പ്രിന്റിംഗ് ഉണ്ടാകില്ല. അപ്പോഴായിരിക്കും എന്റെ  പഠിപ്പും ,ഉറക്കവും.

             അന്ന് മുതലേ എന്റെ വീടും, ചന്ദ്രിക പ്രസ്സും ഒരുപോലെ. വീട്ടില് ഞാൻ പോകുന്നത് ആഴ്ചയിലൊരിക്കൽ.ഉപ്പയും അനിയനും പ്രസ്സിൽ ഉള്ളതുകൊണ്ട് ,ഒരുപക്ഷെ വീടിനേക്കാൾ സമയം ഞാൻ ചിലവഴിച്ചത് ചന്ദ്രിക പ്രസ്സിൽ തന്നെ. അത്രയും ഇണങ്ങിച്ചേർന്നു,വളരെയധികം ജോളിയായി, ഹൃദയം തുറന്ന സ്വന്തം കുടുംബാങ്ങങ്ങളെ പോലെയുള്ള സൌഹൃദ വലയത്തിൽ മറക്കാൻ കഴിയാത്ത ഒരദ്ധ്യായമായി എന്റെ ജീവിതത്തിലെ പ്രാധാന്യമേറിയ ആ കാലഘട്ടത്തെകുറിച്ചോർക്കുമ്പോൾ ഇന്നും അതൊരു വേദനയായി അവശേഷിക്കുന്നു.)

        ഒരുമാസത്തെ അവധിക്കു ശേഷം എന്നെ ഫോട്ടോഗ്രാഫർ തസ്തികയിൽ തിരിച്ചെടുക്കുമെന്ന ഉറപ്പിന്റെ വിശ്വാസത്തിൽ ജോലി നഷ്ടപ്പെട്ടത് എന്നെ വലുതായി അലട്ടിയിരുന്നില്ല. ഉച്ചവരെ വീട്ടിൽ  കഴിച്ചു കൂട്ടും. ഉച്ച കഴിഞ്ഞാൽ ഭക്ഷണം കഴിച്ചു ടൌണിൽ വരും. ഞങ്ങൾ സാധാരണ ഒത്തുകൂടാറുള്ള മാനാഞ്ചിറയുടെ ചാര് ബെഞ്ചിലെക്കൊ , മൈതാന മതിലിൽ ഇരിക്കുവാനോ  അങ്ങിനെയാണ് . 

             ചന്ദ്രിക പ്രസ്സിലെ ജോലിയിൽ നിന്നും ഞാൻ വിടപറഞ്ഞെങ്കിലും, യൂനിയൻ ഖജാഞ്ചി സ്ഥാനത്തുനിന്നും എന്നെ നീക്കിയിരുന്നില്ല.ഒരു മാസമല്ലെ പുറത്തു..പിന്നെന്തിനാ ഖജാഞ്ചി സ്ഥാനം ഒഴിയുന്നതെന്നായിരുന്നു എല്ലാവരുടേയും،പ്രത്യേകിച്ചും യൂനിയൻ മെംബർ മാരുടേയും ചോദ്യം.പക്ഷെ ഉടൻ യൂനിയൻ ജന: ബോഡി വിളിക്കുവാനും، എന്നിലെ സൂക്ഷിപ്പ് ആയ യൂനിയൻ ഫണ്ടും،രേഖകളും തിരിച്ചേൽ‌പ്പിക്കാൻ അവസരം ഉണ്ടാക്കണമെന്നും ഞാൻ പ്രസിഡണ്ട് മജീദ്ക്കയോടും،സെക്രട്ടറി ടി. മൊയ്തീൻ കോയയോടും പറഞ്ഞു. 
                                                                        **************
                 ഒരു സുപ്രഭാതത്തിൽ ഒന്നുമല്ലാതായിത്തീരുക..എങും പോവാനില്ല,ഒന്നും ചെയ്യാനില്ല.ഒരു പത്രസ്ഥാപന  ജീവനക്കാരനെന്നതും, യൂനിയൻ ഖജാഞ്ചി എന്നതും എല്ലാം കയ്യിൽ നിന്നും വീണുപോയപോലെ.....പിന്നെ എല്ലാം അസ്പ്രിശ്യമായ,വിരസമായ പകലുകൾ...

              വീട്ടിൽ ഉമ്മയുടെ മുഖത്തെ വേദനയും  നിസ്സഹായതയും കൂടി കാണുമ്പോൾ ആകെ അസ്വസ്ഥത. എല്ലാവരും എന്നെ കഴിയും വിധം ഉപദേശിച്ചതാണു.ഇതിനൊന്നും നിൽക്കരുതെ എന്നു.എന്റെ വിഷമം കാണാനും, കേൾക്കാനും ഉമ്മക്കാവില്ല. ഉമ്മയിൽ നിന്നും എറ്റവും സ്നേഹവും, പുന്നാരവും, ശിക്ഷയും എറ്റുവാങ്ങി  കുടുംബത്തിന്റെ അഭിമാന പുത്രനായി, എല്ലാ പ്രതീക്ഷകളും എന്നില്‍  അർപ്പിച്ചുകഴിയുന്ന  ഉമ്മ. ഉപ്പയാണെങ്കിൽ എല്ലാം മനസ്സിൽ ഒതുക്കുന്നു.....ഒരു ദിവസം വീട്ടിൽ നിന്നും ഇറങാതെ ഞാൻ എന്റെ മുറിയിൽതന്നെ  ഇരുന്നപ്പോൾ വല്ലാത്ത അസ്വസ്ഥത..

               തെരുവത്തേക്കു(ബസാർ) ഇറങാൻ മടി. ചന്ദ്രികയിൽ ആയിരുന്നെങ്കിലും ഇതേ വരെ രാഷ്ട്രീയത്തിൽ ഒന്നിനും താല്പര്യമില്ലാതിരുന്ന ഞാൻ ലീഗിലെ പിളർപ്പിനൊടനുബന്ധിച്ച പത്രം പിടിച്ചടക്കൽ വിഷയത്തിൽ ഔദ്യൊഗിക ലീഗിന്നായി പ്രവർത്തിച്ചപ്പോൾ ഉണ്ടായ ആവേശം, അതു തെരുവത്തെ ലീഗ് ഒഫീസ് വിമത ലീഗുകാരിൽ നിന്നും പിടിച്ചെടുക്കുന്നതിൽ ഇടപെടേണ്ടി വന്നപ്പോൾ ഞാൻ നാട്ടിൽ ലീഗുകാരനായി മുദ്രകുത്തപ്പെട്ടൂ.

                ഇത്രകാലം ഒരു രാഷ്ട്രീയത്തിലും ഇല്ലാതിരുന്ന ഞാൻ ഒരു പുലരിയിൽ ലീഗുകാരൻ  എന്ന മുദ്രയിൽ പ്രവര്ത്തിക്കുകയും, അത് ജനം അറിയുകയും, അത് ലീഗിന്റെ പത്രസ്ഥാപനം പിടിച്ചടക്കലിൽ തുടങ്ങി പാർട്ടി  ഓഫീസുകളും പിടിച്ചടക്കുന്നതിൽ സ്വയം മറന്നു പ്രവർത്തിക്കുകയും, അവസാനം ഞാൻ എന്തിനു വേണ്ടി ആർക്കു  വേണ്ടി പ്രവർത്തിച്ചുവോ , അവർ വേണ്ടി അവരാൽ തന്നെ, ചന്ദ്രികയില്‍ നിന്നും സ്വയം പുറത്തിറങ്ങി നില്ക്കേണ്ടി വരികയും ചെയ്തപ്പോൾ അത് എന്റെ ജീവിതത്തിലെ ആദ്യത്തെ വിഡ്ഢിത്തവും, ആദ്യമായി എന്റെ നിഷ്കളങ്ക മനസ്സിനെറ്റ ചതിയും ആയി.

          നിസ്കാര തയമ്പും തൊപ്പിയും വെച്ച് , ശുഭ വസ്ത്രവും സെന്റും  പൂശി ലീഗെന്ന മത പുനരുദ്ധാരണ പ്രസ്ഥാനക്കാരെന്നു അവകാശപ്പെടുന്ന മാന്യരെ വിശ്വസിച്ചുപോയി എന്നതുകൊണ്ട്‌ വന്ന തെറ്റ് .....പക്ഷെ ഊർവശ്ശീ ശാപം അനുഗ്രഹമായി എന്ന് പറഞ്ഞപോലെ  അതെന്റെ ജീവിത വഴി ആകെ തിരിച്ചു വിടാനുള്ള ഒരു ഹേതു മാത്രമായി മാറി.പിന്നീട് ..എല്ലാം, നമുക്ക് അപ്രതീക്ഷിതമായി ഭവിക്കുന്നതെല്ലാം,അല്ലെങ്കില്‍ ചിലപ്പോഴെങ്കിലും നമുക്ക് പറ്റുന്ന അബദ്ധങ്ങള്‍ അതെല്ലാം നല്ലതിനായിരിക്കുമെന്നു കരുതി സമാധാനിക്കുക മാത്രം. ഒരു പക്ഷെ വന്നുചേരേണ്ടിയിരുന്ന വലിയ വിപത്ത്, അല്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്ന ജീവിത വഴിത്തിരിവിലേക്ക് നയിക്കാനുള്ള, നമ്മെ സൃഷ്ട്ടിച്ച റബ്ബിന്റെ മാര്‍ഗ്ഗമായി കാണുക തന്നെ. നമുക്കെല്‍ക്കുന്ന താല്‍ക്കാലിക പരാചയങ്ങളില്‍ തളരാതെ ക്ഷമയോടെ നേരിട്ട് കൊണ്ട് റബ്ബ് തിരിച്ചു വിടുന്ന പാതയില്‍ കരുത്തോടെ മുന്നേറാന്‍ ശീലിച്ചാല്‍ ജീവിതത്തില്‍ പരാചയം എന്ന വാക്കിന്നു ഒരു അര്‍ത്ഥവും നാം കല്‍പ്പിക്കേണ്ടതില്ല, തീര്‍ച്ച ...

അടുത്തതില്‍ : ഏറെ ആസ്വദിച്ച എന്‍റെ ബാല്യം..


ചിന്താ വരി : ലീഗ് പ്രവർത്തകനായ, ചന്ദ്രികാ പത്ര വിതരണക്കാരനുമായിരുന്ന ഷുക്കൂറിനെ വെട്ടിക്കൊന്നവർ വിലസുമ്പോൾ ആ ചെറുപ്പക്കാരനെ പെറ്റു  വളർത്തിയ  തള്ളയുടെയും, തന്തയുടെയും അലമുറ കേൾക്കാൻ ആരെങ്കിലും ഉണ്ടോ..? കൊല്ലിച്ചവരും, ഒരു പ്രവർത്തകനെ നഷ്ടപ്പെട്ടു എന്ന് വിലപിച്ചവരും ഒത്തു കളിച്ചപ്പോൾ നഷ്ടം ആർക്കു ? സ്വന്തം കുടുംബത്തിനു....

ഏതു രാഷ്ട്രീയ പ്രവർത്തകനും, അവന്റെ വിലപ്പെട്ട ജീവിതവും,ജീവനും , സമയവും തുലക്കുമ്പോൾ ഒരു നിമിഷം ചിന്തിക്കുക!!.അവന്റെ നഷ്ടം അവന്റെ കുടുംബത്തിന്റെതെന്നു.അവന്റെ ഭാര്യമക്കളുടെതെന്നു.സ്വന്തം ജീവിതവും, ജീവനും ആർക്കാനും വേണ്ടി വലിച്ചെറിഞ്ഞു കുടുംബത്തെ തെണ്ടിക്കാൻ വിടല്ലേ......ഒർക്കുക..... രാഷട്രീയം നേടാനുള്ളവർക്ക് മാത്രമുള്ളതാണ് ..നിങ്ങൾ വെറും കീടങ്ങൾ.....!!