തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010

ഏകസ്വരം നഷ്ടപ്പെടുന്ന ലീഗും ചന്ദ്രികയും പിന്നെ അടിയന്തിരാവസ്ഥയും__ ഞാന്‍ എന്നിലൂടെ തുടര്‍ച്ച



ലീഗിന്‍റെ പിളര്‍പ്പിനെ കുറിച്ച് പറയേണ്ടി വരുമ്പോള്‍,ആ ഘട്ടത്തില്‍
രാജ്യത്തുണ്ടായ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചും, അടിയന്തിരാവസ്തയെയും
 സ്പര്‍ശിക്കാതെ മുന്‍പോട്ടു പോകാന്‍ കഴിയില്ല എന്നത് കൊണ്ട് അല്പം
 വഴിതിരിഞ്ഞു പോകുന്നു.

൧൯൭൪ ഇന്ത്യയെ യാകെ ഒരു ദുരവസ്തയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന
 ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ഓള്‍ ഇന്ത്യ റെയില്‍വെ മെന്‍സ്‌
ഫെഡറേഷന്‍ന്‍റെ  പ്രസിഡന്റ്‌ ആയിരുന്ന (മുന്‍ പ്രതിരോധ മന്ത്രി) ജോര്‍ജ്
 ഫെര്നാണ്ടാസ്സിന്റെ നേതൃത്തത്തില്‍ ആരംഭിച്ച റെയില്‍വേ സമരം,
രാജ്യത്തിന്റെ റെയില്‍വേ ഗതാഗതത്തെ ബാധിച്ചു, ഇത് രാജ്യത്തെ മൊത്തം
 ജന ജിവിതത്തെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ .വര്‍ഷങ്ങള്‍
നീണ്ടുപോയ റെയില്‍വേ സമരം, അതിന്റെ മൂര്ധന്യതയില്‍, രാജ്യത്തെ
സര്‍വ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളും റെയില്‍വേ സമരത്തിന്‌ ഐക്യദാര്‍ഡ്യം
 പ്രകടിപ്പിച്ചു കൊണ്ട്, പ്രകടനങ്ങളും ഒരുദിവസത്തെ പണിമുടക്കും
 നടത്തിയിരുന്നു.

റെയില്‍വേ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അഖിലേന്ത്യാ
പത്രപ്രവര്‍ത്തക,നോണ്‍ പത്രപ്രവര്‍ത്തക യൂണിയനുകളും ഒരു ദിവസത്തെ
പണിമുടക്കും,പ്രകടനവും നടത്താനുള്ള ആഹ്വാനത്തോടെ, യൂണിയന്റെ .
കോഴിക്കോട് ഘടകങ്ങളും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍, എല്ലാ പത്ര യൂണിറ്റുകളുമൊപ്പം "ചന്ദ്രിക" യൂണിറ്റും പണി മുടക്കി അനുഭാവ
 പ്രകടനത്തില്‍ പങ്കു ചേരാന്‍ തീരുമാനിച്ചു.

പല ഭാഗങ്ങളില്‍ നിന്നും ഓരോ യൂണിറ്റായി വെവ്വേറെ വന്നെത്തിയ
പ്രകടനങ്ങള്‍ മാനാഞ്ചിറ മൈതാനിയില്‍ ഒത്തു ചേര്‍ന്നു.  മിടായി തെരുവുവഴി
 കോഴിക്കോട് രണ്ടാം ഗേറ്റ് കടന്നു കസബ പോലീസ്‌ സ്ടഷനു മുന്പിലൂടെ
 ഒന്നാം ഗേറ്റ്   ബ്രിട്ജു വഴി പാളയത്തേക്ക് നീങ്ങാനായിരുന്നു പരിപാടി.

ആവേശകരമായ വലിയ മുദ്രാവാക്യങ്ങളില്ലാതെ,നോണ്‍ ജേര്‍ണലിസ്റ്റ്‌,
ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയനും, കേരള പത്ര പ്രവര്‍ത്തക യൂണിയനും
 ഒന്നടങ്കം പങ്കെടുത്ത പ്രകടനം മിടായിത്തെരുവ് വഴി രണ്ടാം ഗേറ്റ് എത്തിയപ്പോള്‍ ,
അത് വഴി കടന്നു പോകുന്ന, ഫ്ലോര്‍ മില്‍ ‍ തൊഴിലാളികളുടെ പ്രകടനവും, രണ്ടാം
 ഗേറ്റ് കടന്നു പോകുന്നതിനാല്‍, മുന്‍‍പേ പോകുന്ന  മില്‍ തൊഴിലാളികളുടെ
പ്രകടനത്തിന് പിന്നിലായി ഞങ്ങളുടെ പ്രകടനവും ചേര്‍ന്ന് നീങ്ങേണ്ടിവന്നു

പ്രകടനം  മാതൃഭൂമി പ്രസ്‌ കടന്നു കസബ പോലിസ്‌ സ്റ്റേഷനു മുന്പിലെത്തിയ
പ്പോഴേക്കും,പ്രകടനത്തിന് നേരെ പോലിസിന്‍റെ‌ ലാത്തിച്ചാര്‍ജു .എന്താണ് സംഭവിച്ച
തെന്നറിയാതെ ഏറ്റവും പിന്നിലായിരുന്ന ഞങ്ങള്‍ മാതൃഭൂമി ആഫീസ്
കടക്കുമ്പോഴേക്കും, മുന്‍പേ കടന്ന പ്രകടനക്കാര്‍ ചിതറി ഓടുന്നതും, സര്‍വ
സന്നാഹങ്ങളോടെ പോലീസ് ലാത്തിയുമായി ചീറി വരുന്നതും കണ്ണില്‍
കണ്ടവനെയൊക്കെ തല്ലി ചതക്കുന്ന കാഴ്ചയാണ് കണ്ടത്.എന്ത് ചെയ്യണ
മെന്നറിയാതെ ഒരു നിമിഷം നിന്നെങ്കിലും ഞങ്ങളും തിരിഞ്ഞോടി പല
ദിക്കുകളിലെക്കുമായി ചിതറി ഓടി. ഏറെയും അഭയം തേടിയത് മാതൃഭൂമി
പ്രസ്സിലാണ്.സദാ തിരക്കേറിയ ആ പരിസരത്ത് പല ആവശ്യങ്ങള്‍ക്കുമായി
എത്തിച്ചേര്‍ന്ന നിരപരാധികള്‍‍ക്കുപോലും  കിട്ടി പൊതിരെ.


.പ്രാണ രക്ഷാര്ത്തം ഞാന്‍ ഓടി ഒരു മരുന്ന് കടയില്‍  കയറി കൂടാന്‍
 ശ്രമിച്ചെങ്കിലും ഒരിക്കല്‍ കടക്കാര്‍ എന്നെ പുറത്തേക്കു തള്ളി.വീണ്ടും
ഞാന്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ആ കടക്കാര്‍ക്ക് ദയ തോന്നിക്കാണാം .
എനിക്കവര്‍ അഭയം തന്നു.കടയില്‍ കയറി നിന്നു നിമിഷങ്ങള്‍ക്കകം
അവിടെ പോലീസ്‌ എത്തി."എവിടെഡാ ഇതിനകത്ത് കയറിയവന്‍"
എന്നാക്രോശിച്ചു എത്തിയ പോലീസുകാരോട് കടക്കാര്‍ " ഇവിടെ ആരും
കയറിയില്ല സാറേ, ഞങ്ങളുടെ ജോലിക്കാരാണിതെന്നു" പറഞ്ഞു അവരെ
 തിരിച്ചു വിട്ടു.

ആ കടയിലിരുന്നു പ്രകടനത്തിന് നേരെ പോലിസ്‌ നടത്തുന്ന നര
നായാട്ട് കണ്ടു നില്‍ക്കാന്‍ ശക്തിയില്ലാതെ പോലെ. സിരകളില്‍ നിന്നും
രക്തം തിളച്ചു മറിഞ്ഞു.നെഞ്ച് വിരിച്ചു റോഡിലേക്കിറങ്ങി
 പോലീസിന്റെ ലാത്തിയടിയെ നേരിടാന്‍ തോന്നിപ്പോയി. അടിച്ചു
ശവമാക്കിയ മനുഷ്യ ജീവികളെ പോലീസ്‌ വാഹനത്തിലേക്ക് എടുത്തു
വലിച്ചെറിയുന്ന രംഗങ്ങള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് വിപ്ലവ വീര്യം
കൂടുകയേ ചെയ്യൂ. മര്‍ദ്ദനം കൊണ്ട് വിപ്ലവ വീര്യം കെടുത്താനാവില്ലെന്നും,
മറിച്ചു കത്തി ജ്വലിക്കുകയും ആളിപടരുകയെ ചെയ്യുമെന്നുമുള്ള അറിവ്
അനുഭവത്തിലൂടെ എനിക്ക്  മനസ്സിലാക്കാന്‍ പ്രാപ്തമായ ഒരു
സംഭവമായിരുന്നു അത്.

വിപ്ലവ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതു, രാജ്യത്ത് രക്തം ചിന്താന്‍ ഇടവരുത്തുകയും
ചെയ്യുന്നത്, ഭരണകര്‍ത്താക്കളുടെ അഴിഞ്ഞാട്ടവും,അധികാരം കൊണ്ട് ജനങ്ങളെ
അടിചൊതുക്കാമെന്നുള്ള അഹങ്കാര ഭാഷയുടെ വാഴ്ചയും, അങ്ങിനെ
അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളില്‍ അങ്കുരിക്കുന്ന പ്രതികാര തീപോരികള്‍ വലിയ
 അഗ്നിയായി കത്തിപ്പടരുന്നതാണ്  വിപ്ലവ പ്രസ്ഥാനങ്ങളായി മാറുന്നത്. 
ഇത് ചരിത്രത്തിലൂടെ നാം ഏറെ കണ്ടതാണ്.


പത്തിരുപതോളം മിനിട്ട് നീണ്ടു നിന്ന പോലീസ്‌ നരവേട്ട   കഴിഞ്ഞപ്പോള്‍
റോഡാകെ വിജനം. റോഡു നീളെ രക്തവും തുണികളും. ചെരിപ്പുകളും
നിറഞ്ഞു കിടക്കുന്നു. പോലീസിന്റെ സാന്നിധ്യം റോഡില്‍ ഇല്ലെന്നുറപ്പായതോടെ
ഒളിച്ചിരുന്നവര്‍ ഓരോന്നായി പതുക്കെ റോഡിലിറങ്ങി. ഓരോരുത്തരും
കാണാതായ സഹപ്രവര്‍ത്തകരെ തിരയുകയാണ്. പോലീസ്‌ സ്റേഷന് മുന്‍പില്‍
നിന്നുണ്ടായ  സംഭവ മായതുകൊണ്ട്. ഇപ്പോഴും റോഡിലെക്കിറങ്ങാന്‍ ഭയം.
സ്റേഷന്‍ മുറ്റത്ത് പോലീസ്‌ കൂട്ടമുണ്ട് . കുറെ എണ്ണത്തിനെ
ജീവശവമാക്കിയ സന്തോഷം ആഘോഷിക്കുന്നപോലെ.

 അപകടം പററിയവരാരോക്കെ?ആരെങ്കിലും മരിച്ചോ? കൊന്നുകൊണ്ട്
പോലീസുകാര്‍ സഹപ്രവര്‍ത്തകരെ എവിടെ കൊണ്ടിട്ടു? എന്നൊക്കെയുള്ള
 പരസ്പര അന്വേഷണം നടക്കുന്നു.കാണാതായവരെ തേടി ആശുപത്രികളിലും,
അടുത്തുള്ള ക്ലിനിക്കുകളിലെക്കും സംഘം സംഘമായി നീങ്ങി. അടികൊണ്ടു
പരിക്കേറ്റ പലരും കോട്ടപറമ്പ് ജനറല്‍ ആശുപത്രിയിലും, ബീച്ച് ആശുപത്രിയിലു
മായിരിക്കാം എന്ന നിഗമനത്തില്‍ ഞങ്ങള്‍ അങ്ങോട്ട്‌ കുതിച്ചു.

ആശുപത്രി പരിസരമാകെ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.സംഭവം
കാട്ടുതീപോലെ പടര്‍ന്നു.ഇന്നത്തെ പോലെ ടി.വി.യോ,മറ്റു നെറ്റുവര്‍ക്ക്
സംവിധാനമോ ഇല്ലാതിരുന്ന ആ കാലത്ത് റേഡിയോ വാര്തമാത്രമായിരുന്നു
സംഭവങ്ങള്‍ അറിയാനുള്ള ആശ്രയം . പത്രങ്ങളെല്ലാം രാവിലെ ഇറങ്ങുന്നവയാണല്ലോ.
കോഴിക്കോട് അന്ന് സായാഹ്ന പത്രമായി ഇറങ്ങുന്നത്, തെരുവത് രാമന്‍ സാറിന്റെ
പത്രാധിപത്യത്തിലുള്ള " പ്രദീപം" മാത്രമായിരുന്നു. പത്രക്കാരും അന്ന്
പണിമുടക്കിലായതുകൊണ്ട്, ശരിയായ വാര്‍ത്തകള്‍ ഒന്നും തന്നെ അറിയാന്‍
 വഴിയില്ലായിരുന്നു. എന്നിട്ടും എങ്ങിനെയോ പോലീസിന്റെ നരനായാട്ട്
വാര്‍ത്ത സിറ്റി ആകെ പടര്‍ന്നു .കേട്ടറിഞ്ഞ ജനങ്ങള്‍ ആശുപത്രി പരിസരമാകെ
 നിറഞ്ഞു.  യൂണിയന്‍, പാര്‍ട്ടി പ്രവര്‍ത്തകറം എത്തിയതോടെ , മുദ്രാവാക്യം
വിളിയും ബഹളവും.

ഭാഗ്യവശാല്‍ "ചന്ദ്രിക" പത്രത്തിലെ പ്രവര്തകര്‍ക്കാര്‍ക്കും ഒന്നും അപായമുണ്ടായില്ല.
മറ്റു പത്രക്കാര്‍ക്കും വലിയ പരി‍ക്കൊന്നുമുണ്ടായില്ല. മില്‍ തൊഴിലാളികള്‍ ഏറ്റവും മുന്പിലായിരുന്നതുകൊണ്ട്, അവര്‍ക്കാണ് ഏറെയും പരിക്ക് പറ്റിയത്.ആശുപത്രി
വളപ്പില്‍ തടിച്ചു കൂടിയവര്‍ മുദ്രാ വാക്യം വിളിച്ചു കൊണ്ട് ഒരു വന്‍ പ്രതിഷേധ
പ്രകടനത്തിനുള്ള തയാറെടുപ്പിലാണ്.

എന്നാല്‍ ജില്ല ജേര്‍ണലിസ്റ്റ്‌ യൂണിയനും, നോണ്‍ ജേര്‍ണലിസ്റ്റ്‌ യൂണിയനും ഇങ്ങിനെ
 ഒരു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു കൊണ്ട്
അന്ന് ഞങ്ങള്‍ പരിക്കേറ്റവര്‍ക്കുള്ള സഹായത്തിനായി ആശുപത്രി പരിസരത്ത്
തന്നെ കഴിച്ചു കൂട്ടി.

റെയില്‍വെ സമരം നീണ്ടു പോയതോടെ, സര്‍വോദയ നേതാവ് ജയപ്രകാശ്‌
നാരായന്‍,രാജ നാരായന്‍, മൊറാര്‍ജി ദേശായി തുടങ്ങി  പല ദേശീയ
നേതാക്കളും സമരത്തെ അനുകൂലിച്ചതോടെ, ഇന്ദിരാ ഗാന്ധിയുടെ
'ഗരീബി ഹടാഓ' എന്നാ മുദ്രാവാക്യവുമായി ജന ശ്രദ്ധ തിരിച്ചു വിടാനും,
ഏറെക്കുറെ ഉരുക്ക് മുഷ്ടിയോടെ അടിച്ചമര്‍ത്തല്‍ മനോഭാവത്തോടെ,
ഇന്ദിരാ ഗാന്ധി ഭരണം കയ്യാളിയ ആ ഘട്ടത്തില്‍, കേരളത്തില്‍
സി. അച്ചുത മേനോന്‍ മന്ത്രി സഭയില്‍ അഭ്യന്തരം ഭരിച്ച , ഇന്ദിരാജിയുടെ
വിശ്വസ്തനായ കരുണാകരന്‍ സാര്‍ , റെയില്‍വെ സമരത്തിനനുകൂലിക്കുന്ന
ഏതു പ്രസ്ഥാനങ്ങളെയും അടിച്ചോതുക്കുക  എന്നത്
ഒരു നയമായിതന്നെ സ്വീകരിച്ചു. അതിന്റെ പ്രതിഫലന മായിരുന്നു സമാധാന
പരമായി നീങ്ങിയ ഞങ്ങളുടെ പ്രകടനത്തിനു നേരെ ലാത്തിയടിച്ചത്.
അല്ലാതെ അന്നും ഇന്നും എനിക്കറിയാന്‍ കഴിയാത്ത ആ പോലീസ്‌
മര്‍ദ്ദനത്തിനു  പോലീസ്‌ പറയുന്ന ഭാഷ്യം, "പ്രകടനക്കാര്‍ സ്റ്റേഷനു നേരെ
 കല്ലെറിഞ്ഞു" എന്നതാണ്. പോലീസ്‌ സ്റേഷന് നേരെ കല്ലെരിയേണ്ട
ഒരു വിഷയവും ആപ്രകടനതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടുണ്ടാ
യിരുന്നില്ല തന്നെ.അതെന്തായാലും അതവിടെ നില്കട്ടെ.

അങ്ങിനെ റെയില്‍വെ സമരം രാജ്യത്തിന്റെ മൊത്തം അവസ്ഥ വല്ലാത്ത ഒരരക്ഷിതാവസ്തയിലെക്കെതിച്ചു വെന്നു പറയാം. രാജ്യത്തിന്റെ പല ഭാഗങ്ങളും
 ഇങ്ങിനെ പുകഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥ.

"ഗരീബി ഹഠാഓ" ( ദാരിദ്ര്യം ഉന്മൂലനം  ചെയ്യൂ) എന്ന ഇന്നിരാ ഗാന്ധിയുടെ
മുദ്രാവാക്യം,ജനജീവിതത്തിന്  ഒരാശ്വാസവും നല്‍കാതെ , ഇന്ദിരയുടെ ഭരണത്തിലും,
അല്ലാതെയും സ്വയം ഭരണം നടത്തുന്ന സഞ്ജയ്‌ ഗാന്ധിയുടെയും അധികാരക്കളികള്‍
രാജ്യത്തെ മുതിര്‍ന നേതാക്കളില്‍ വളരെ അസ്വാസ്ത്യമുണ്ടാക്കി.

റെയില്‍വെ സമരം രാജ്യത്തെ ഭരണ സ്തംഭാനവസ്തയിലെക്കെത്തിക്കും വിധം
അത് രാജ്യവ്യാപകമായി അതിന്റെ അലയൊലികള്‍ ആഞ്ഞടിച്ചു കൊണ്ടിരുന്നപ്പോള്‍ ,
സഞ്ജയ്‌ ഗാന്ധിയുടെ ഭരണ ഇടപെടലുകളും,കൊണ്ട് അസ്വസ്ഥരായ സ്വാതന്ത്ര്യ
സമര സെനാനികളായ നേതാക്കള്‍ പോലും,ഇന്ദിരാ ഗാന്ധിയുടെ ശത്രുക്കളായി മാറി.


 ഇങ്ങു കേരളത്തില്‍ സി. അച്ചുത മേനോന്‍ മന്ത്രിസഭയില്‍ അന്ന് കരുണാകരനായിരുന്നു
 പോലീസ്‌ മന്ത്രി.ഇന്ദിരാ ഗാന്ധിയുടെ ആശ്രിതനായ കരുണാകരന്‍, മത്ത് തലയില്‍
 കയറിയ അഭ്യന്തര മന്ത്രിയായിക്കൊണ്ട്, പോലീസിനെ ഉപയോഗിച്ച് പല ക്രൂരതകളും ചെയ്യുകയുണ്ടായി.


റായ് ബറേലിയില്‍ നിന്നുള്ള,ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടുകൊണ്ട്
അലഹബാദ്‌ ഹൈകോടതിയുടെ വിധി വന്നപ്പോള്‍,സര്‍വോദയ നേതാവ്,
ജയപ്രകാശ്‌ നാരായണ്‍ ഇന്ദിരാ ഗാന്ധിയുടെ രാജി ആവശ്യപ്പെട്ടു.അതോടെ
൧൯൭൫ ജൂണ്‍ ൨൫ അര്‍ദ്ധരാത്രി രാജ്യത്തുടനീളം ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ചു. രാജ്യ വ്യാപകമായി നേതാക്കളെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചു.
പത്രങ്ങള്‍ക്കു നിയന്ത്രണം വരുത്തി.പല പത്രങ്ങള്‍ക്കും,പ്രസിട്ദീകരണാനുമതി
നിഷേധിച്ചു ഒറ്റ രാത്രികൊണ്ട് ഇന്ത്യയാകെ നിശ്ശബ്ദമാക്കിക്കൊണ്ട് ഇന്ദിരാ
ഗാന്ധി ഉരുക്ക് മുഷ്ടി രാഷ്ട്രീയം നടപ്പാക്കി. ജനങ്ങളുടെ വായടക്കി.പത്ര സ്വാതന്ത്ര്യം
മരവിപ്പിച്ച്ചതോടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളൊന്നും
ജനങ്ങളറിയാതെ ശ്വാസം മുട്ടി.

"നാവടക്കൂ, പണിയെടുക്കു" എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി, ജനങ്ങളുടെ നാവിന്
 തടയിട്ടുകൊണ്ട്, അലഹാദ്‌ ഹൈകോടതി വിധി മറികടക്കാന്‍, കരിനിയമം
 നടപ്പാക്കാന്‍ അവരെ നിര്‍ബന്ധിതമാക്കി എന്ന് വേണം പറയാന്‍

അടിയന്തരാവസ്ഥയും,പത്ര സെന്സെറിങ്ങും വന്നതോടെ, ആന്നുഅച്ചടിച്ച്‌
കൊണ്ടിരുന്ന എല്ലാ പത്രങ്ങളും, പുറത്തിറക്കാതെ വെക്കുകകയും പുതിയ
 സെന്‍സറിംഗ് നിയമ പ്രകാരം പത്രത്തില്‍ കൊടുക്കുന്ന വാര്‍ത്തകള്‍ ജില്ലാ
കലക്ടറുടെ പരിശോധനക്ക് ശേഷമുള്ള അനുമതിയോടെയേ പ്രസിദ്ധീകരിക്കാവൂ
എന്ന് വന്നതോടെ, പത്രം എന്ന ഒന്ന് പുറത്തിറക്കേണ്ട ആവശ്യകത തന്നെ
ഇല്ലാതെ വന്നു. സ്വതന്ത്രമായി, സത്യാ സന്ധമായി വാര്‍ത്തകള്‍ നല്‍കാന്‍
കഴിയുന്നില്ലെങ്കില്‍ പിന്നെന്തു പത്ര പ്രവര്‍ത്തനം?

അടിയന്തിരാവസ്ഥയെ നാം അങ്ങേ അറ്റം പഴികുമ്പോഴും, അത് സര്‍ക്കാര്‍
സ്ഥാപനങ്ങളിലും,ഉദ്യാഗസ്ഥ തലങ്ങളിലും,കുറെ മാററങ്ങള്‍ ഉണ്ടാക്കി
എന്ന കാര്യം വിസ്മരിച്ചുകൂടാ.

സര്‍ക്കാര്‍ ഓഫീസുകള്‍ കുറച്ചു കാര്യക്ഷമ മായി പ്രവര്‍ത്തിച്ചുതുടങ്ങി
ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ ഇരുന്നുറങ്ങാന്‍ വയ്യാതായി,
കൈക്കൂലിയും ശുപാര്‍ശയും നടക്കാതായി. സമയം തെറ്റാതെ ഉദ്യോഗസ്ഥര്‍
ഓഫീസുകളിലെത്തി. കൂട്ടം പറഞ്ഞോ ,കിന്നാരം പറഞ്ഞോ ഓഫീസ്‌ സമയം
പാഴാക്കാന്‍ കഴിയാതായി,  പൂഴ്ത്തിവെപ്പും,
കരിഞ്ചന്തയും നടക്കാതായി. ഇങ്ങിനെ അടിയന്തിരാവസ്തകൊണ്ട് ഒരുപാട
അച്ചടക്കം ഉദ്യോഗ തലത്തില്‍ ഉണ്ടായി,, അടിയന്തിരാവസ്ഥയുടെ
 മറവില്‍, ഭരണ വര്‍ഗം കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ലോകം അറിയാനോ, ചോദ്യം
ചെയ്യപ്പെടാനോ കഴിയാത്ത അവസ്ഥയില്‍ ജനം ശ്വാസം മുട്ടി.

സഞ്ജയ്‌ ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണ പരിപാടി, ചേരി പ്രദേശങ്ങളില്‍ 
‍ നിന്നും വാസികളെ ഓടിച്ചു ബുള്‍ ഡോസര് കൊണ്ട്  ഇടിച്ചു നിരപ്പാക്കല്‍‍,
അങ്ങിനെ സഞ്ജയ് ഗാന്ധിയും, ശിങ്കിടികളും രാജ്യത്തെ ജനങ്ങളെ അമ്മാനമാടി
ക്കൊണ്ടിരുന്ന ഘട്ടത്തില്‍, ഇങ്ങു കേരളത്തില്‍ പുലിയായി മാറിയ കരുണാരനും
,പോലീസും,കാട്ടിക്കൂട്ടിയ ക്രൂരതക്ക് എന്നും സാക്ഷിയാണ്,എഞ്ചിനീറിംഗ്
വിദ്യാര്‍ഥിയായ,രാജനെ നക്സല്‍ ബന്ധം ചാര്‍ത്തി, കക്കയം ഡാമിലെ
രഹസ്യ കേന്ദ്രത്തില്‍ വെച്ച് ഉരുട്ടികൊന്ന സംഭവവും,രാജന്റെ അച്ഛന്‍ ടി.വി.
ഈച്ചരവാര്യര്‍ അദ്ദേഹത്തിന്‍റെ മരണം വരെ കരുണാകരനെതിരെ
പോരാടിയതും,മെല്ലാം, അടിയന്തിരാവസ്ഥ യുടെ കറുത്ത ഓര്‍മ്മകള്‍.
ഇന്നും മാഞ്ഞു പോകാതെ  മരിക്കാത്ത സാക്ഷികളായി നില്‍ക്കുന്നു.

ഏകദേശം ഇതേ കാലയളവിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലെയും
അസ്വാരസ്യങ്ങള്‍ തുടങ്ങുന്നത്.അച്ചുത മേനോന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ
മന്ത്രിയായിരുന്നു. സി എച്ച് മുഹമ്മദ്‌ കോയാ സാഹിബ്.

ലീഗിന്റെ ഭിന്നത ആശയപരമായിരുന്നില്ല. സയിദ്‌ അബ്ദുറഹിമാന്‍ ബാഫഖിതങ്ങളുടെ
മരണത്തോടെ ലീഗിലെ ആ ഏകസ്വര അന്തരീക്ഷത്തിനു ഭംഗം വന്നു കൊണ്ടിരുന്നു.
അധികാര മോഹികളും, സ്വാര്‍ത്ഥ താല്പര്യക്കാരും ലീഗില്‍ തലപൊക്കാന്‍ തുടങ്ങി.
 ലീഗെന്നാല്‍ ബാഫഖിതങ്ങളും,സി.എച്ചും.എന്ന ചിത്രമേ ആദ്യകാലങ്ങളില്‍
എതോരുത്തന്റെയും മനസ്സില്‍ തെളിയു.അതായിരുന്നു. മറ്റു നേതാക്കള്‍
 അപ്രസക്തമായിരുന്നു എന്നല്ല ഇതിനര്‍ത്ഥം

പാവപ്പെട്ട ഒരു മുസ്ലിയാര്‍ കുടുംബത്തില്‍, കോഴിക്കോട് അത്തോളിയില്‍
ജനിച്ച കോയാ സാഹിബെന്ന സി.എച്ച്.മുഹമ്മദ്‌ കോയാ. ആ  നാമമായിരുന്നു
ലീഗിന്റെ ശക്തി. അതിനെ ദത്ത്  പുത്രനെ പോലെ ആളാക്കിയ അബ്ദുറഹിമാന്‍
ബാഫഖി തങ്ങളുടെ വിയോഗം , സി.എച്ചിന്. ഒരനാഥത്വം ലീഗില്‍
 അനുഭവപ്പെട്ടിരിക്കാം. സി എച്ചിനെതിരെ അങ്ങിനെ പ്രശ്നങ്ങള്‍
തലപൊക്കിത്തുടങ്ങി

ദേഹത്തെ രക്തത്തിനു പോലും പച്ച നിറമായ മനുഷ്യരുടെ  നാടാണ് മലപ്പുറം.
പച്ച മലപ്പുറത്തുകാരുടെ മതമാണ്‌. "ചന്ദ്രിക" അവരുടെ മുസ്ഹഫും. മലപ്പുറം
ലീഗ് കാക്കാ മാരുടെ ശക്തമായ പിന്കരുത്ത് സി.എച്ചി നുണ്ടായിരുന്നു വെങ്കിലും ,
വടക്കന്‍ ജില്ലകളിലെ കേയിമാരുടെ ശക്തി സി.എച്ചിനെതിരെ വന്നപ്പോള്‍,
ലീഗിലെ അഭിപ്രായ ഏകീകരണം തകര്ന്നുകൊണ്ടിരുന്നു...................... തുടരും

ചിത്രങ്ങള്‍ ഗൂഗിളിനോട് കടപ്പാട്
ഞാന്‍ എന്നിലൂടെ ഒന്നാം ഭാഗം ലിങ്ക്
http://mkoyap.blogspot.com/2010/08/blog-post.html

ശനിയാഴ്‌ച, ഓഗസ്റ്റ് 21, 2010

ഞാന്‍, എന്നിലൂടെ

           

 "ചന്ദ്രിക" ദിനപത്രം.അച്ചടിയും പത്രപ്രവര്‍ത്തനവും,വളരെയേറെ ദുര്‍ഘടം പിടിച്ച ഒരു കാല ഘട്ടത്തിലൂടെ കടന്നു, ഇന്ന് അച്ചടിരംഗത്തും,
പത്രപ്രവര്‍ത്തന രംഗത്തും വളരെയേറെ ആധു
നിക സൌകര്യങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.കംബ്യൂട്ടറിന്റെ വരവോടെ
ഒരു പക്ഷെ ഏറ്റവും അധികം  മാറ്റങ്ങള്‍ കൈവരിച്ചത് അച്ചടി മേഖലയിലാണെന്നു
തോന്നുന്നു.

 കേയ്സിലെ അക്ഷരക്കള്ളിയില്‍ നിന്നും അക്ഷരങ്ങള്‍എടുത്തു നിരത്തി കമ്പോസ്‌
ചെയ്തു അച്ചടിച്ചിരുന്ന കാലത്തെ എട്ടു പേജ്പത്രം അച്ചടിച്ചു പുറത്തിറക്കാനുള്ള
 സാഹസം എത്രയെന്നൂഹിക്കാവുന്നതെയുള്ളൂ.

ലെറ്റര്‍ പ്രസ്‌ എന്ന അച്ചടി യന്ത്രം ആണ് ഈ സമീപകാലം വരെ അച്ചടിക്ക് വേ
ണ്ടി ഉപയോഗിച്ച മാര്‍ഗം. അച്ചുകള്‍ നിരത്തി ഒരു ചേസില്‍ കുടുക്കി യന്ത്രത്തില്‍
ഫിക്സ് ചെയ്തു യന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍, യന്ത്രത്തിലുള്ള മഷി റോ
ളെറുകള്‍‍ മഷി ഡക്കിലെ മഷിയില്‍  തട്ടി ആ റോളര്‍കള്‍ അക്ഷരങ്ങളില്‍ മഷി പുരട്ടി
 അതില്‍ നിന്നും നേരിട്ട് പ്രസ്‌ ചെയ്തെടുക്കുന്ന‍  സംവിധാനമാണ് ലെറ്റര്‍ പ്രസ്സിന്റെ
പ്രവര്‍ത്തനം. അതടിസ്ഥാനമാക്കിയുള്ള വലിയ കടലാസു റോള് കയറ്റി അച്ചടിക്കാ
വുന്ന റോട്ടറി അച്ചടിയന്ത്രം. പ്ലാറ്റ്‌ ബെഡ് റോട്ടെറി. തുടക്കത്തില്‍ ‍പ്ലാറ്റ്‌ ബെഡ്
റോട്ടെറി  മെഷിന്‍ ആയിരുന്നു മിക്ക പത്രങ്ങളും ഉപയോഗിച്ചിരുന്നത്. പിന്നെ
അത്  ജെര്‍മനിയുടെ  പ്ലമഗ് സ്റ്റീരിയോ റോട്ടെറിയിലേക്ക് മാറി . അപ്പോഴും
അച്ചുകള്‍ പഴയപോലെ കൈകൊണ്ടു നിരത്തി അത് സ്റ്റീരിയോ  പ്ലേറ്റ്
വാര്‍ത്തു, അത് മെഷിനില്‍ ഫിക്സ് ചെയ്തു അച്ചടിക്കുന്ന "പ്ലമാഗ് റോട്ടെറി
" പ്രസ്സിലേക്ക് വഴിമാറി. മണിക്കൂറില്‍ മുപ്പതിനായിരം എട്ടു പേജ് പത്രം
 അച്ചടിക്കാവുന്ന ഹൈ സ്പീഡ്‌ പ്രിന്റിംഗ് മെഷിന്‍ ആയിരുന്നു പ്ലമാഗ്
റോട്ടെറി പ്രസ്‌., ഇപ്പോള്‍ അത്പൂര്‍ണമായും വെബ് ഓഫ് സെറ്റ്മെഷിന്
കളിലേക്ക് മാറി. അതോടെ പത്ര പ്രിന്റിംഗ് രംഗത്ത് വളരെ വിപ്ലവകരമായ
 മാറ്റം കുറിച്ചു. അതോടൊപ്പം,കംബ്യുട്ടെര്‍,ഫാക്സ് മിലി,നെറ്റ് സംവിധാനങ്ങ
ളോടെ ഒരു പത്രത്തിന്റെ എഡിഷന്‍ ലോകത്തെവിടെവെച്ചും അച്ചടിച്ച്‌
 പ്രസിദ്ധീകരിക്കാമെന്നായി.

പ്രിന്റിംഗ് യന്ത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാം.

എട്ടാം തരത്തില്‍ പഠിച്ചു കൊണ്ടിരിക്കെയാണ് ചന്ദ്രിക ദിന പത്രത്തില്‍ പ്രിന്‍റിംഗ്
ട്രെയിനിആയി   കയറാനുള്ള മഹാ ഭാഗ്യം എനിക്ക് ലഭിച്ചത്. മുസ്ലിം ലീഗിന്റെ
മുഖ പത്ര മായചന്ദ്രിക യില്‍ എനിക്ക് കയറി കൂടാനുള്ള ഒരു സാധ്യതയും ഇല്ലാ
യിരുന്നു. ഞാനൊരുലീഗ് കാരനോ , എന്റെ ഉപ്പ ഒരു ലീഗുകാരനോ ആയിരുന്നില്ല.
അന്നത്തെ ലീഗിന്റെപ്രഗല്‍ഭ നേതാക്കളുടെ മക്കള്‍ക്ക്‌ പോലും സാധ്യമാകാത്ത,
ഒരു മഹാ ഭാഗ്യം തന്നെയായിരുന്നു എനിക്കും,  പിന്നീട് എന്റെ അനിയന്മാര്‍ക്കും
 ചന്ദ്രികയില്‍ കയറാന്‍ കഴിഞ്ഞത്.

എഴുപതുകളില്‍ ചന്ദ്രികാ ജീവനക്കാരുടെ കാന്റീന്‍ നടത്തിപ്പ് എന്റെ ഉപ്പ ഏറ്റെ
ടുത്തതോടെയാണ് ചന്ദ്രികയുമായുള്ള ബന്ധം ഞാന്‍ തുടങ്ങുന്നത്. നേതാക്കള്‍ ചന്ദ്രിക
യില്‍ എത്തിയാലും,ഡയറക്ടര്‍സ് മീറ്റിങ്ങിനു എത്തിച്ചേരുന്ന ഡയറക്ടെര്‍സു മായുള്ള 
ഉപ്പയുടെ അടുത്തിടപഴകാനുള്ള അവസരം കൊണ്ട് സൃഷ്ടിച്ചെടുത്തതായിരിക്കാം
എന്റെയും,എന്റെ അനിയന്റെയും,ചന്ദ്രിക പത്രത്തിലെക്കുള്ള പ്രവേശം.

രാത്രി പത്തു മണിക്ക് അച്ചടിച്ച്‌ തുടങ്ങുന്ന ഒന്നാം എഡിഷന്‍ പല ദൂര ദിക്കുകളി
ലേക്ക് ട്രെയിനിലും,ബസുകളിലും കയറ്റി വിടുന്നു. പത്രം അച്ചടി നാല് എഡിഷനു
കളായി, അവസാന എഡിഷന്‍ സിറ്റി എഡിഷനായി  അത് അച്ചടിച്ച്‌ കഴിയുമ്പോള്‍
പുലര്‍ച്ചെ നാലുമണിയാകും.അത് കഴിഞ്ഞു കാന്റീനില്‍ പോയി കിടന്നുറങ്ങി സ്കൂള്‍
 സമയമാകുമ്പോള്‍ സ്കൂളിലെത്തും അങ്ങിനെ ജോലിയും പഠനവും ഒരുമിച്ചു തുടര്‍ന്നു .

മൂന്നു ഷിഫ്ടുകളിലായി ഇരുനൂറോളം കംബോസിറ്റെര്‍ മാര്‍ അച്ചു നിരത്താന്‍
വേണ്ട മാറ്റര്‍ ഉണ്ടാക്കാന്‍ പ്രഘല്‍ഭാരായ,പ്രശസ്തരായ പത്രാധിപ സമിതി അംഗ
ങ്ങള്‍ തന്നെ ചന്ദ്രികാ പത്രത്തിനുണ്ടായിരുന്നു.

ബഹു.സി . എച്ച്. മുഹമ്മദ്‌ കോയ സാഹിബിന്റെ  മുഖ്യ പത്രാധിപത്യത്തില്‍, പത്രാ
ധിപരായി വി.സി. അബൂബകെര്‍ സാഹിബും, സഹാപത്രാധിപന്മാരായി, യു എ
ബീരാന്‍ സാഹിബ്, പി. എം. അബൂബകേര്‍ സാഹിബ്, പി എ മുഹമ്മദ്‌ കോയ
സാഹിബ്, ടി .ഉബൈദുള്ള സാഹെബ്,കെ. അബു സാഹെബ്പുത്തൂര്‍ മുഹമ്മദ്‌
സാഹെബ്, (ഇവര്‍ മൂന്നുപേരും പിന്നീട് മനോരമയുടെ കോഴിക്കോട് എഡിഷനില്‍
കയറി. ഇപ്പോഴും മനോരമയില്‍ തുടരുന്നു.) ആലികുഞ്ഞി സാഹെബ്, അബ്ദു
സാഹെബ് കുട്ട്യാലി സാഹെബ് തുടങ്ങിയവര്‍ അന്ന് സീനിയെര്‍ നിരയില്‍ പ്രൌഡമായ
 എഡിറ്റോറിയല്‍‍ ബോര്‍ഡില്‍.കൂടാതെ വീണ്ടും കുറെ പ്രഘല്‍ഭാര്തന്നെ വന്നെത്തി.
 റഹീം മേച്ചേരി, കാനേഷ് പൂനൂര്‍, ഉമ്മര്‍ പാണ്ടികശാല,പോക്കര്‍ കടലുണ്ടി,
സി.കെ താനൂര്‍,കാര്ടൂനിസ്റ്റ്‌ ബി എം ഗഫൂര്‍, സ്പോര്‍ട്ട് ലേഖകന്‍
ഓ  ഉസ്മാന്‍, മമ്മദ്‌ കോയ നടക്കാവ് തുടങ്ങി കഴിവുറ്റ പത്ര പ്രവര്‍ത്തകരുടെ
സംഗമമായിരുന്നു ചന്ദ്രിക

പത്രത്തിന്‍റെ വലിയ സമ്പത്ത്. വളരെ ശുഷ്കാന്തിയോടെ, പത്ര ധര്‍മ ബോധത്തോടെ,
അന്വേഷണ ബുദ്ധിയോടെ റിപ്പോര്‍ട്ടുകള്‍ ത്ചെയ്യാന്‍ പ്രാപ്തരായ പി.കെ. മാനു
സാഹെബും, ഇ.കെ.കെ.മുഹമ്മദ്‌ സാഹെബും സിറ്റി റിപ്പോര്‍ടര്‍ മാരായി പ്രവ
ര്‍ത്തിച്ചിരുന്ന ചന്ദ്രിക പത്രത്തിനു എന്നും അഭിമാനിക്കാവുന്ന ലീഗിന്റെ ആദരണീ
യരായ നേതാക്കളുടെ ത്യാഗപൂര്‍ണമായ പരിശ്രമംപത്രം നില നിര്‍ത്തി നടത്തി
കൊണ്ട് പോകുന്നതിനു പിന്നില്‍  ഉണ്ടായിരുന്നു.

ബഹുമാന്യരായ സൈദ്‌ അബ്ദു റഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട്‌ പൂകോയ
തങ്ങള്‍,(അടുത്ത് അന്തരിച്ച ശിഹാബ്‌ തങ്ങളുടെ ഉപ്പ) എം കേ ഹാജി, സി.കെ.പി .
 ചെറിയ മമ്മു കേയി,സൈദ്‌ ഉമര്‍ ബാഫഖി തങ്ങള്‍ , ഇ. അഹമ്മദ്‌, അബ്ദുള്ള കുട്ടി
ഗുരുക്കള്‍,തുടങ്ങിയ സമുന്നത ആദരണീയ വ്യക്തികളാല്‍ നയിക്കപ്പെട്ട ഡയരക്റ്റ്‌
ബോഡില്‍ പിന്നീട് കെ എസ്.സുലൈമാന്‍ ഹാജി, പി. സീതിഹാജി,കെ.കെ.എസ്.
തങ്ങള്‍  തുടങ്ങിവര്‍ കൂടി ബോര്‍ഡ്‌ അംഗങ്ങളായി എന്നാണോര്‍മ്മ .

ചന്ദ്രിക പത്രത്തെ സംബന്ധിച്ചേടത്തോളം പത്രാധിപ സമിതിയിലായാലും, പത്രത്തെ നയിക്കുന്നവരിലായാലും, ത്യാഗ മനസ്ഥിതിയും, ആത്മാര്‍ഥതയും,സമൂഹത്തിനും,
സമുദായത്തിനും നിസ്വാര്തമായി നിലകൊകൊള്ളുന്നവരുമായ, രാജ്യ സ്നേഹികള്‍
 കൂടിയായമഹത് വ്യക്തികളുടെ കാല ഘട്ടം പോലെയുള്ള ഒരു സുവര്‍ണകാലം ഇന്നു
 ലീഗിനോ,ലീഗിന്റെ മുഖ പത്രമായ ചന്ദ്രികക്കോ ഉണ്ടോ എന്ന് സംശയമാണ്.

ബഹു.സൈദ്‌ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ സര്‍വരാലും ആദരിക്കപ്പെടുന്ന
 വ്യക്തിത്തത്തിന്റെ ഉടമയായിരുന്നു. മാര്‍ക്സിസ്റ്റ്‌ ആചാര്യനായ സാക്ഷാല്‍
ഇ എം എസ് നംബൂതിരിപ്പാടുപോലും ബാഫഖിതങ്ങളുടെ മുന്‍പില്‍ ഭവ്യത
യോടെയായിരുന്നു പെരുമാറിയതെന്ന് പറയുമ്പോള്‍ അതില്‍ ഒട്ടും അതിശയോക്തി
യില്ല. ആ തലയെടുപ്പും, അതുപോലെ തേജസ്സുള്ള മുഖവും ഇന്നും എനിക്കെവിടെയും കണ്ടെത്താനായില്ല.ഇസ്ലാമീകമായ ജീവിത ചര്യകള്‍കര്‍ക്കശമായി മുറുകെ പിടിച്ചു സമുദായത്തിനും,സമൂഹത്തിനും വേണ്ടി നിസ്വാര്തമായിനിലകൊണ്ട നേതൃതം
 ഇന്നില്ലാതെ പോകുന്നതാണ് എല്ലാ മുസ്ലിം സംഘടനകളുടെയും,ഇന്നത്തെ അധപത
നത്തിനു കാരണം.൧൯൭൩ ല്‍ മക്കയില്‍ വെച്ച് ബാഫഖി തങ്ങള്‍ മരണ മടഞ്ഞതോടെ
 ബഹു.ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ലിംലീഗിന്റെ അഖിലെന്ത്യാ പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ടു.

ബാഫഖി തങ്ങളുടെ മരണത്തോടെ സ്റ്റേറ്റ് ലീഗിന്റെയും,ചന്ദ്രിക ഡായരക്ടെര്‍‍
ബോര്‍ഡിന്റെയും ഉന്നതാധികാരിയായി ബഹു. പാണക്കാട് പൂക്കോയതങ്ങള്‍
വന്നു.ബാഫഖിതങ്ങളെപോലെ സര്‍വ്വാദരണീയനായിരുന്നു പാണക്കാടു തങ്ങളും.
 ചവിട്ടി നടക്കുന്നഭൂമിപോലും വേദനിക്ക രുതെന്നു നിഷ്കര്‍ഷയുള്ള പോലെയുള്ള
പതുക്കെയുള്ളനടത്തവും,ശാന്തത മാത്രം നിറഞ്ഞു പ്രസന്നമായ മുഖവും പാണക്കാട്‌
പൂകോയതങ്ങളുടെ മുന്‍പിലും ഏതൊരു നേതാവും തല കുനിച്ചു പോകും. പകരം
 വെക്കാന്‍മറ്റൊരു വ്യക്തിത്വമില്ലാത്ത  മനുഷ്യരുടെ പരമ്പരകള്‍ ഒന്നൊന്നായി
കൊഴിഞ്ഞു വീഴുമ്പോള്‍ അനാഥ രാകുന്നത് നാം തന്നെ.ഈ മഹാന്മാരുടെ നേതൃതം
മുസ്ലിം ലീഗിനും,ചന്ദ്രിക പത്രത്തിനും നഷ്ടമായതോടെ ബഹു. ശിഹാബ്‌ തങ്ങളുടെ
നേതൃത്തത്തില്‍ പത്രത്തിനും,മുസ്ലിം ലീഗിനും എത്രത്തോളം ഗുണകരമായി എന്ന്
നാംനോക്കിക്കാണുംമ്പോള്‍ ‍, കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകള്‍ ബഹു.ശിഹാബ്‌ തങ്ങളെസ്വാധീനിച്ചിരുന്നുവോ എന്ന് നമുക്ക് തോന്നാം.എന്തായാലും മുസ്ലിം
ലീഗിന്റെയും ചന്ദ്രിക പത്രത്തിന്റെയുംഅവസ്ഥ വല്ലാതൊരു ദിശയിലേക്ക് മാറി.
 മുസ്ലിം സമൂഹത്തിനും,സമുദായത്തിനും പാര്‍ടിയും, പത്രവും എന്താശ്രയമാണ് നല്കികൊക്ണ്ടിരിക്കുന്നത്? ഒരു പക്ഷെ മുസ്ലിം ലീഗെന സംഘടന  ഇന്നു
എന്തിനെന്ന് ചോദിച്ചാല്‍ പോലും തെറ്റില്ല.

ചന്ദ്രിക പത്രവുമായുള്ള എന്റെ ജീവിതം പറയേണ്ടി വന്നപ്പോള്‍ ‍സ്വാഭാവിക
മായും ലീഗിനെയും സ്പര്ശിച്ചുപോയി എന്നതല്ലാതെ, ഞാനൊരു ലീഗ് അനുഭാവി
പോലുമല്ല.എങ്കിലും ലീഗെന്ന സംഘടന നിലനില്ക്കേണ്ടതിന്റെ ആവശ്യം
ഞാനാഗ്രഹിക്കുന്നു. വര്‍ഗീയമായ ഒരു കാഴ്ചപ്പാടല്ല ഇതിനു പ്രേരകം. വീക്ഷണം
 പത്രത്തില്‍ ജോലിനോക്കുന്നതിനിടെ അല്പം കൊണ്ഗ്രെസ്സ് അനുഭാവം കാണിച്ച
തൊഴിച്ചാല്‍ രാഷ്ട്രീയമായ ഒരു താല്പര്യവുമില്ലാത്ത ഒരാളാണ് ഞാന്‍. ദേശീയത
ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന കൊണ്ഗ്രെസ്സും നില നില്കണം.എന്ത് തന്നെ
ആയാലും കൊണ്ഗ്രെസ്സ് അധികാരമില്ലാതെ പുറത്തു നില്കേണ്ടി വന്നപ്പോള്‍
 ഇന്ത്യയുടെ പോക്ക് ഇതു ദിശയിലെക്കെന്നു അറിഞ്ഞിട്ടുണ്ട്.അപ്പോള്‍
കൊണ്ഗ്രെസ്സ് ഭരണമല്ലാത്ത ഇന്ത്യ നമ്മെ എല്ലാ സമൂഹത്തെയും ദോശമായി
ബാദിക്കും. അതുപോലെതന്നെയാണ് മുസ്ലിം ലീഗെന്ന സംഘടനയും നില നില്‍കാന്‍
 ഞാന്‍  ആഗ്രഹിക്കുന്നത്.

മസ്ജിദിന്റെ തകര്‍ക്കപ്പെട്ട ഘട്ടത്തിലോക്കെ ലീഗിന്‍റെ ആത്മ സംയമനം
ഒരുപാടു രക്തചോരിച്ചില്‍ ഒഴിവാക്കി.    രാജ്യത്തെയും,സമൂഹത്തെയും
സമുദായത്തെയുംരക്ഷിച്ചു. ആ ഘട്ടത്തിലോക്കെ ഒരു ചെറിയൊരു
തീപൊരി പാറിയാല്‍ എന്തായിരിക്കും അവസ്ഥ.? എത്രയേറെ നിരപരാധികള്‍
മരിച്ചു വീഴുമായിരുന്നു?.

എന്നാല്‍ വര്‍ഗീയ മുദ്ര കുത്തി, ഭീകര മുദ്രകുത്തി ഒരു വിഭാഗം സമൂഹത്തെ,
 ചില വര്‍ഗീയതല്പര കക്ഷികള്‍ മുസ്ലിം സമൂഹത്തെ ഭീകര വാദികള്‍ എന്നും,
 വര്‍ഗീയ വാദികള്‍ എന്നും ആക്ഷേപിക്കുമ്പോള്‍, ഇതര സമുദായങ്ങള്‍ നമ്മെ
തെറ്റിദ്ധരിക്കാന്‍ ഇടവരാതിരിക്കാനെന്കിലും തിരുത്തി പറയാന്‍ ലീഗിന്
ബാധ്യതയുണ്ടായിരുന്നു.

മഅദനി വിഷയത്തില്‍ ലീഗിന്‍റെ സമീപനവും സമുദായ മനസ്സില്‍ നിന്നും
ലീഗിനെ അകറ്റുന്നു  എന്നത് യാഥാര്‍ത്ഥ്യം തന്നെ .ഒന്‍പതു കൊല്ലം തടവിലിട്ടു
 പീഡിപ്പിച്ചു, ഒരു ജീവിതം മുഴുവന്‍ നാശമാക്കി അവസാനം കോടതി വെറുതെ
വിടുന്നു. മനുഷ്യത്ത ത്തിന്‍റെ പേരില്‍ മഅദനിയുടെ മോചനത്തിന് പല ഇടതു
 നേതാക്കളും  ശ്രമിക്കുമ്പോഴും ലീഗിന്‍റെ  നിലപാടും,പ്രസ്ഥാവനകളും ക്രൂരവും
 മൃഗീയവുമായി.ഇപ്പോള്‍ ബംഗ്ലൂര്‍ സ്പോടന കേസിലും ദിവസങ്ങളോളം, ആ
പ്രദേശവും, നാടും  ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ഒരു കൊടും
തീവ്രവാദിയെ വേട്ടയാടും വിധം, - ഒരു പക്ഷെ കാട്ടു കള്ളന്‍ വീരപ്പനെ
പിടിക്കാന്‍ പോലും ഇത്രയും വലിയ പോലിസ്‌ സന്നാഹം ഉണ്ടായിരിക്കില്ല-
കോടതിക്ക് മുന്‍പില്‍ കീഴടങ്ങുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും, ഇസ്ലാമിക
പ്രമാണമായ ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ചു സത്യമിട്ടു നിരപരാധിത്തം
പറഞ്ഞിട്ടും, ഒരു മുസ്ലിം സംഘടനഎന്ന് പറയുന്ന ലീഗിന് വിസ്വസിക്കാനാ
കുന്നില്ലെന്കില്‍, ലീഗ് ഏതടിസ്ഥാന പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന മത സമൂഹത്തെ
 പ്രധിനിധീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കെണ്ടാതുട്.

ലീഗിന്‍റെ ഇത്തരം സമീപനങ്ങള്‍ ലീഗിനെ ജനങ്ങളില്‍ നിന്നകറ്റാന്‍ പ്രേരിത മാകും..
വ്രണിത ഹൃദയരായ സമുദായത്തിന്‍റെദീന രോദനം കേള്‍ക്കാനല്ലെങ്കില്‍ പിന്നെന്തിനു
നിങ്ങള്‍ നില കൊള്ളുന്നുവെന്ന് ലീഗ് പറയുക.

ഓരോ പ്രവര്‍ത്തി തുടങ്ങുമ്പോഴും " ബിസ്മില്ലാഹി ര്‍റഹ്മാനി ര്‍ റഹീം" എന്ന് 
അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്ന ഒരു മുസ്ലി ഒരു ക്രൂരത കാനിക്കാനാവില്ല.
ക്രൂര പ്രവര്‍ത്തി ചെയ്യുന്നവന്‍ മുസ്ലിം ആവില്ല. പരമ കാരുണീകനാണ് അള്ളാഹു.
മുസ്ലിം പേരുള്ളവന്‍ എല്ലാം മുസ്ലിം ആകണ മെന്നുണ്ടോ? പേര് ആര്‍ക്കും
ഇപ്പോഴും മാറ്റി മറിക്കാമെന്നിരിക്കെ പേരിന്റെ പേരില്‍ ഒരു സമൂഹത്തെ,ഒരു
 സമുദായത്തെ വികലമാക്കുന്ന ലോകാന്തര തന്ത്രങ്ങളില്‍ വീണു കൊണ്ട്
അതെറ്റുപിടിച്ചു സമുദായത്തെ ക്രൂശിക്കാന്‍ മുസ്ലിം ലീഗ് തുനിയുന്നത് ശരി
യാണോ? ഒത്തൊരുമയോടെ,സൌഹൃദത്തോടെ,സ്നേഹത്തോടെ പരസ്പരം
 കഴിയുന്ന വിവിധ സമുദായങ്ങളുടെ മഹത്തായ സംസ്ഥാനമാണ് കേരളം. എന്ത്
 കളി കളിച്ചിട്ടും സഹോദര സമുദായങ്ങളെ പാട്ടിലാക്കി ഒരു സീറ്റുറപ്പിക്കാന്‍ ‍
കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാത്ത കേരളത്തില്‍ മഅദനിയുടെ ചീട്ടിളക്കി
ആളിക്കത്തിക്കാന്‍ കൊണ്ടുശ്രമിക്കുന്നവര്‍ നടത്തുന്ന നാടകത്തിന്റെ
തിരക്കഥകള്‍ ഹൈന്ദവ സമൂഹത്തിനുപോലും മനസ്സിലാകുന്നുണ്ട്.മാറാട്‌
സംഭവങ്ങള്‍ പോലെ വല്ലപ്പോഴും ചെറിയൊരു പ്രശ്നം തലപോക്കുമ്പോള്‍
 നമുടെ പോലീസുധ്യോഗസ്തരും,മറ്റുള്ളവരും, ശക്തമായിത്തന്നെ ഇടപെട്ടു,
ഒരു പോരിപോലും പാറി പടരാതെ കാത്തു സൂക്ഷിക്കുന്ന കേരളം, ഒരുപാട് നാം
ആക്ഷേപിക്കുമ്പോഴും,കേരളത്തിലെ പോലീസിന്റെ മഹത്വം ഇന്ത്യയില്‍ ഒരു
 സംസ്ഥാനത്തിനും അവകാശപ്പെടാനില്ല.

"ലാഹിലാഹ ഇല്ലല്ലാഹു, വ മുഹമ്മദുര്‍റസൂലുല്ല" എന്ന് കലിമ ചൊല്ലി,
ബിസ്മി ചൊല്ലി ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഒരു മുസ്ലിമിന്നു ഒരു
ക്രൂരനാവാന്‍ പറ്റുമോ? മനുഷ്യനും,സമൂഹത്തിനും, സമുദായത്തിനും,നാടിനും
 ദോശമാകുന്ന ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ കഴിയുമോ? പരമ കാരുണീക
നും,കരുണാനിധിയുമായ അല്ലാഹുവിന്റെ പേരുവിളിച്ചു ഒരു മുസ്ലിമിന്
എങ്ങിനെ ക്രൂരനാവാന്‍ കഴിയും?. അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ലെന്നും,
റസൂല്‍ അല്ലാഹുവിന്റെ ദൂതനാണെന്നും അടിയുറച്ചു വിശ്വസിക്കുന്ന,
 റസൂലിന്റെ ജീവിതം മാതൃകയാക്കി റസൂല്‍ തിരുമേനിയെ പിന്തുടരുന്ന ഒരു
 മുസ്ലിന്നു ആക്രമിയാകാന്‍ പറ്റുമോ? ലീഗുകാര്‍ പറയുക വര്‍ഗീയക്കൊമരങ്ങള്‍
വിളിച്ചു പറയുന്നതിലും ഉച്ചത്തില്‍ ലീഗ് സ്വന്തം സമുദായത്തെയും,
ഖുര്‍ ആനെയും അവഗണിച്ചു വെറും അധികാര രാഷ്ട്രീയം കളിക്കാന്‍ തുനിയുന്നത്
എന്തായാലും ലീഗിന് ഗുണകരമാകില്ല.ദാര്‍ശനീകരായ,ഈമാനുള്ള നേതൃത്തത്തിന്‍റെ
അഭാവം ലീഗിന്‍റെ ഇന്നത്തെ ദുരന്തമാണ്.പാണക്കാട്ടെ ആദരണീയര്‍ തലപ്പതിരിക്കു
മ്പോഴും ഉപജാപ സംഘങ്ങള്‍, സമുദായത്തില്‍ നിന്നും ലീഗ് ഒറ്റപ്പെടും വിധമുള്ള പ്രസ്ഥാവനകളും,പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുകതന്നെ വേണം.   



അതവിടെ നില്കട്ടെ ഞാന്‍ എന്നിലേക്ക് മടങ്ങട്ടെ.

തുടരും : ഏകസ്വരം നഷ്ടപ്പെടുന്ന ലീഗും ചന്ദ്രികയും പിന്നെ അടിയന്തിരാവസ്ഥയും
രണ്ടാം ഭാഗം ലിങ്ക്

http://mkoyap.blogspot.com/2010/10/blog-post.html .